Sunday, March 31, 2013

ഹാപ്പി ഡെയ്സ് - ലങ്കാദഹനം




                                                                     കോളേജിൽ എത്തിയിട്ട് രണ്ടാമത്തെ അദ്ധ്യായന വർഷം . പഠിക്കാനുള്ള ആരംഭ ശൂരത്വം കൂട്ടുകാർക്ക് ഒക്കെ കുറഞ്ഞു തുടങ്ങിയിരുന്നു . എനിക്കത് പണ്ടേ ഇല്ലാന്നു നിങ്ങൾക്കൊക്കെ അറിയാവുന്ന കാര്യം ആണല്ലോ . പുതുമുഖങ്ങളെ റാഗ് ചെയ്തും അല്പസ്വല്പം രാഷ്ട്രീയ പ്രവർത്തനവും ,ഡിപ്പാർട്ട്മെൻറ് തിരിച്ച് ആഴ്ച തോറും നടത്തി വരുന്ന ഗുസ്തി മൽത്സരങ്ങളും , സ്ത്രീജന പരിപാലനവും ഇങ്ങനെ ഒട്ടുമിക്ക കലാലയങ്ങളിലും കാണപ്പെടുന്ന ഇത്തരം പൊതുപ്രവർത്തന മേഘലകൾ എല്ലാം ഞങ്ങൾ കയ്യടക്കി വാഴുന്ന കാലഘട്ടം
                                                                     അങ്ങനെ പ്രത്യേകിച്ച് ഒരു കാര്യപരിപാടിയും ഇല്ലാതെ കോളേജിലെ കിണറിന്റെ മുകളിൽ വട്ടമേശ സമ്മേളനം നടത്തുന്ന സമയം ഞങ്ങൾ എല്ലാം അച്ചായൻ എന്നു വിളിക്കുന്ന തരുണ്‍ ഓടി വന്നു പറഞ്ഞു

" അളിയാ ഇലക്ഷൻ പ്രഖ്യാപിച്ചു ഇന്ന് നോട്ടീസ് ഇടും"
ജെസിൽ: " ആഹഹ തൃപ്തി ആയി അളിയാ തൃപ്തിയായി . കുറച്ചു ദിവസമായി അടി ഒന്നും കിട്ടാതെ ഇരിക്കുവാരുന്നു . ഇനി എങ്ങും തേടി പോകണ്ടല്ലോ അടി നമ്മളെ തേടി ഇങ്ങോട്ട് വന്നോളും" .
ഡിക്സണ്‍ :" ഒന്ന് പോടാ പുല്ലേ ഇതുവരെ നമ്മൾ കോളേജ് യുണിയൻ അവന്മാർക്ക് വിട്ടു കൊടിത്തിട്ടില്ല ഇനി കൊടുക്കുകയും ഇല്ല ."
ഞാൻ :"എന്നാ പിന്നെ അങ്ങനെ തന്നെ ഇറങ്ങുകയല്ലേ ?"
അഖിൽ : " ഒന്നടങ്ങടെയ് നോട്ടീസ് ഒന്ന് വന്നോട്ടെ ................

                                                            അങ്ങനെ ആ സുദിനം വന്നെത്തി ഇലക്ഷൻ . വോട്ടെടുപ്പും റിസല്ട്ടും ഒരു ദിവസം തന്നെ പതിവ് പോലെ ഞങ്ങൾ തന്നെ ജയിച്ചു (ശരിക്കും). പക്ഷെ ഇത്തവണ നില അല്പം പരുങ്ങലിൽ ആണ് . ഒരു സീറ്റിന്റെ ഭൂരിപക്ഷം ,എന്നാലും ഭൂരിപക്ഷം ഭൂരിപക്ഷം തന്നെ . പി സി ജോര്ജിനെ പോലെ ഗ്രാമീണൻമാർ ആരും ഞങ്ങളുടെ മുന്നണിയിൽ ഇല്ലാത്തതിനാൽ ഒരു വർഷം തികക്കാൻ പറ്റും എന്ന് നല്ല ഉറപ്പായിരുന്നു .
                                                               കോളേജു യുണിയനിൽ ആർട്സ് ക്ലബ് പിടിച്ചെടുക്കുക എന്നത് ഒരു വലിയ അഭിമാന പ്രശ്നം ആണ് . അതുപോലെ തന്നെ തലവേദന പിടിച്ച ഒരു പരിപാടിയും . യുണിയൻ ഉത്ഘാടനത്തിനു സിനിമ താരത്തിനെ കൊണ്ട് വരണം . കലാപരിപാടികൾ സംഘടിപ്പിക്കണം അങ്ങനെ പലതും . കഷ്ടകാലത്തിന് ഇത്തവണ ആർട്സ് ക്ലബ് സെക്രട്ടറി ഞങ്ങളുടെ അച്ചായൻ ആണ് . അപ്പൊ പിന്നെ സംഘാടനം എന്ന തലവേദന ഞങ്ങളുടെ കൂടെ തലവേദന ആയില്ലങ്കിൽ അല്ലെ അത്ഭുതം ഉള്ളു
കോപ്പ് മനുഷ്യനു ഒന്ന് മനസമാധാനം ആയി കൂവാൻ പോലും പറ്റില്ല . അച്ചായൻ എങ്ങണം കണ്ടാൽ ഇടിയുടെ പൊടിപൂരം ആയിരിക്കും .
                                                                അങ്ങനെ ആർട്സ് ഡേ യുടെ തീയതി തീരുമാനിച്ചു ഉത്ഘാടകനെയും ഒപ്പിച്ചു പക്ഷെ കലാപരിപാടികൾ ഒന്നും അങ്ങോട്ട്‌ കൊഴുക്കുന്നില്ല എന്നാ പിന്നെ കൊഴുപ്പ് കൂട്ടാൻ എന്തു ചെയ്യാം എന്ന് ഞങ്ങൾ ഒരു കാര്യാലോചന തന്നെ നടത്തി.

നിഷാദ്:"ഒരു നാടകം ചെയ്താലോ?(ഇവന് പണ്ടേ കലയുടെ അസുഖം ഉള്ളതാ)"
ഞാൻ :"ശരിയാ അളിയാ നമുക്കൊരു നാടകം തട്ടികൂട്ടാം......."
തരുണ്‍ : "അങ്ങനെ തട്ടികൂട്ടിയിട്ടൊന്നും ഒരു കാര്യവും ഇല്ല .ചെയ്യുകയാണെങ്കിൽ കാര്യമായിട്ട് തന്നെ ചെയ്യണം "
അഖിൽ:"എന്നാ പിന്നെ നാടകം വേഗം ശരിയാക്ക് ക്ലാസ് കട്ട് ചെയ്തിട്ട് കുറച്ചു ദിവസം ആയി".
ഞാൻ :" എന്നാ പിന്നെ നമുക്ക് ലങ്കാദഹനം കളിച്ചാലോ?എന്റെ കയ്യിൽ ഒരു നല്ല സംവിധായകൻ ഉണ്ട് ,മുറ്റു സാധനം ആണ് "
നിഷാദ്: " അതു പറ്റില്ല നാടകം ഞാൻ സംവിധാനം ചെയ്യും"
ജെസിൽ:" അതാ നല്ലത് അപ്പൊ പിന്നെ നീ അഭിനയിക്കില്ലല്ലോ"
നിഷാദ്:"എന്നാ പിന്നെ നിന്റെ ആളെ വച്ച് സംവിധാനം ചെയ്തോ ,പക്ഷെ നായകൻ ഞാൻ ആയിരിക്കും "
ഞാൻ:' "ഇപ്പൊ എല്ലാം ശരിയായി , ഈ കഥയിൽ രാമൻ അല്ല നായകൻ ഹനുമാൻ ആണ് നിനക്ക് ചേരും "
നൂറു:'എന്നാ വാ റിഹേഴ്സൽ തുടങ്ങാം "

                                                                          അങ്ങനെ നല്ല ഒരു സംവിധായകന്റെ കീഴിൽ ഞങ്ങൾ നാടക കളരി തുടങ്ങി നാടക സംവിധായകനിൽ നല്ല സ്വാധീനം ഉള്ളതുകൊണ്ട് ശ്രീ രാമന്റെ വേഷം എനിക്ക് തന്നെ കിട്ടി (പോരാത്തതിന് കൂട്ടത്തിൽ ഏറ്റവും ഗ്ലാമറും എനിക്കാണല്ലോ).

                                                     കാത്തിരുന്നു കാത്തിരുന്നു ആ സുദിനം വന്നെത്തി . ഇന്നാണ് ഞങ്ങളുടെ നാടകം തട്ടിൽ കയറുന്നത് , അങ്ങനെ നാടകം പൊടിപൊടിക്കുന്നു .ഞങ്ങളുടെ എതിർ പാർട്ടിക്കാർ നന്നായി തന്നെ കൂവുന്നും ഉണ്ട് . ഇതൊന്നും ഞങ്ങളെ തീരെ ബാധിക്കാത്ത വിധം വളരെ മനോഹരം ആയി തന്നെ നാടകം മുന്നോട്ടു പോകുന്നു

                                                     അങ്ങനെ ഹനുമാൻ സീതയെ തേടി ലങ്കക്ക് പോകുന്നു .ആ ഒരു സീൻ ആണ് ഞങ്ങളുടെ നാടകത്തിന്റെ മുഖ്യ ആകർഷണം . വടം അരയിൽ ഉറപ്പിച്ച് കപ്പി ഉപയോഗിച്ച് ഹനുമാനെ വായുവിലൂടെ കെട്ടിവലിച്ച് ലങ്കയിലേക്ക് ചാടിച്ചു . നല്ല കയ്യടിയുടെ അകമ്പടിയോടെ തന്നെ ഞങ്ങൾ ഈ സീൻ അവതരിപ്പിക്കുകയും ചെയ്തു . ലങ്കാദഹനം കഴിഞ്ഞു ഹനുമാൻ തിരിച്ച് ശ്രീ രാമചന്ദ്രനെ സീതാദേവിയുടെ വിവരങ്ങൾ അറിയിക്കുന്നതോടെ ഈ നാടകം ശുഭമായി അവസാനിക്കും . അങ്ങനെ ലങ്കാദഹനം കഴിഞ്ഞു ഹനുമാൻ തിരിച്ചു ചാടുന്നു .നമ്മുടെ നൂറു (നൂറുൽ അമീൻ കോയ തങ്ങൾ )വടം മുറുക്കി പിടിച്ചു വലിക്കുന്നു . ഈ സമയത്താണ് കഥയുടെ യഥാർത്ഥ ക്ലൈമാക്സ്സ് നടക്കുന്നത് .വടം പിടിച്ചിരുന്ന നൂറിന്റെ മുണ്ടും പറിച്ചു കൊണ്ട് എതിർപാർട്ടിക്കാർ ഒറ്റ ഊറ്റം .ഭാഗ്യം അന്നവൻ നിക്കർ ഇട്ടിരുന്നു .പക്ഷെ മുണ്ട് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടയിൽ പാവം നൂറ് വടത്തിന്റെ കാര്യം മറന്നുപോയി .പഴുത്ത മാങ്ങ ഞെട്ടറ്റു താഴെ വീഴുന്നപോലെ വായുവിൽ നിന്ന ഹനുമാൻ പടച്ചോനെ......................എന്നും വിളിച്ചോണ്ട് ദാ കിടക്കുന്നു ധരണിയിൽ .
                                                                                      നാടകം പൊളിഞ്ഞു .||||| ആളുകളുടെ ഇടയില നിന്നും നല്ല കൂവൽ .പക്ഷെ കഷ്ടപെട്ടു തട്ടികൂട്ടിയ നാടകം അങ്ങനെ കൈ വിട്ടു കളയാൻ പാടില്ലല്ലോ ."ഡയലോഗ് പറയടാ തെണ്ടീ" എന്നും പറഞ്ഞു വീണു കിടക്കുന്ന ഹനുമാന്റെ നേരെ എന്നെ തള്ളി വിട്ടിട്ട് തരുണ്‍ വളരെ ദയനീയം ആയി എന്നെ ഒന്നു നോക്കി.ഞാൻ വീണു കിടക്കുന്ന ,അല്ല ശ്രീരാമനെ സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന ഹനുമാനെ പിടിച്ചു എഴുന്നേല്പിച്ച് ചോദിച്ചു
 " ഭക്ത വത്സലാ ,ഹനുമാനെ നീ എന്റെ പ്രിയ പത്നിയാം സീതയെ കണ്ടുവോ?"
ഹനുമാൻ : " ഞാനൊരു പൂ(ബീപ്)യെയും കണ്ടില്ല ,ആദ്യം ഞാൻ കയറു വലിച്ച പൊ(ബീപ്)മോനെ ഒന്ന് കാണട്ടെ .ഇവിടെ മനുഷ്യൻ കു(ബീപ്)കുത്തി വീണു കിടക്കുമ്പോഴാ അവന്റെ അമ്മേടെ സീത "

                                                   !!!!!ശുഭം !!!!!!
                                                                                  കഥ തുടരും.....................
കടപ്പാട്:
ബീപ്-പീ സീ ജോർജ്

നോട്ട് : ഇത് ഞാൻ എഴുതിയ ഒരു കഥയല്ല . പണ്ടെങ്ങോ കേട്ടുമറന്ന ഈ കഥ ഞാൻ എന്റെ കോളേജ് ജീവിതമായി കൂട്ടികലർത്തി ഇവിടെ ചേർക്കുകയാണ് . ഈ കഥ അതിന്റെ യഥാർത്ഥ രൂപത്തിൽ മുൻപ് വായിച്ചിട്ടുള്ളവർ സദയം ക്ഷമിക്കുക . അല്ലാത്തവർ .....................................

Thursday, March 7, 2013

ഹാപ്പി ഡെയ്സ് - കഥ ആരംഭിക്കുന്നു

ചില കാര്‍ന്നോമ്മാരുടെ മക്കളെ എല്ലാം എന്‍ജിനീയര്‍ ആക്കാം എന്ന അതിബുദ്ധി മൂലം കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്ന ശതഗുണം മക്കളുടെ കൂട്ടത്തില്‍പെട്ട ഒരാളാണ് ഞാനും . എന്നില്‍ ഔഷധ ഗുണമില്ലേ എന്ന് നമ്മുടെ കാട്ടിലെ കരിംകുരങ്ങ് നിലവിളിച്ചതുപോലെ ഒരുപാട് തവണ വീട്ടിലെ ഹാളില്‍ കിടന്നു ഞാന്‍ അലറിവിളിച്ചിട്ടുണ്ട് എന്നില്‍ ഒരു എന്‍ജിനിയര്‍ ഇല്ല എന്ന് . പക്ഷെ എന്ത് ഫലം - നഹി ഗുണ . ലങ്കയിലേക്ക് സീതയെ അന്വേഷിച്ചു പോകാന്‍ ഹനുമാനെ ആരാണ്ടൊക്കെ കൂടി ഉപദേശിച്ചത് പോലെ , ചേട്ടനും ചേച്ചിയും എന്തിനു എട്ടാം ക്ലാസ് പാസ്സാവാത്ത അനിയന്‍ പോലും എന്നെ ഉപദേശിച്ചു . നീ എന്‍ജിനിയര്‍ ആകാന്‍ ജനിച്ചവന്‍ ആണ് ,നീ എന്‍ജിനീയര്‍ ആയില്ലങ്കില്‍ പിന്നെ ആരും എന്‍ജിനിയര്‍ ആയിട്ട് ഒരു കാര്യവും ഇല്ല
എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ അല്പം സുഖിച്ചോ എന്നൊരു സംശയം ഇപ്പോള്‍ ഇല്ലാതില്ല .
ഇത് തന്നെയാ പാവം ഹനുമാനും പറ്റിയത് . കൂടെ നിന്നവര്‍ പറഞ്ഞു പൊക്കി
 പാവത്തിനെ കടലു ചാടിച്ചു അവസാനം എന്തായി മൂടിനും വാലിനും പിന്നെ പറയാന്‍ കൊളളാത്തിടത്തും ഒക്കെ തീയും പിടിപ്പിച്ച് തിരിച്ചു ചാടേണ്ടി വന്നു. എന്നാലെന്താ സീതയെ മോചിപ്പിചില്ലേ എന്നൊക്കെ നിങ്ങളു ചോദിക്കും പക്ഷെ ഹനുമാന്റെ വിഷമം ഹനുമാനറിയാം.
                             
                    അങ്ങനെ കുടുംബക്കാരുടെ പ്രേരണയാല്‍ ഞാന്‍ എന്‍ജിനീയര്‍ ആകാന്‍ സമ്മതിച്ചു . അങ്ങനെ പന്ത്രണ്ടാം തരത്തില്‍ ചേരുന്നതിനു ഒപ്പം തന്നെ ഞങ്ങളുടെ അടുത്ത നഗരത്തിലെ വളരെ പ്രശസ്തമായ ഒരു പരിശീലന പ്രവേശന കളരിയില്‍ (entrance coching center) എനിക്കും അഡ്മിഷന്‍ ഒപ്പിച്ചെടുത്തു .
 ചേരാന്‍ ചെന്ന ദിവസം തന്നെ ഞാന്‍ എന്നോട് ചോദിച്ചു " ദാസാ നമുക്കീ ബുദ്ധി എന്താ നേരത്തെ തോന്നഞ്ഞത്?"

കൂടെ വന്ന ചേട്ടന്‍ പറഞ്ഞു മതിയടാ വെള്ളം ഇറക്കിയത്. 

ഞാന്‍ പിന്നെയും മനസ്സില്‍ ദൈവത്തിനോട് ചോദിച്ചു "ദൈവമേ നീ ലോകത്തില്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ സൃഷ്ടിച്ചത് എന്ജിനീയര്മാരക്കാനാണോ?"

 പിന്നെ ഞാന്‍ ചേട്ടനെ നോക്കി പതുക്കെ പാടി "കണ്ഫ്യുഷന്‍ തീര്‍ക്കണമേ എന്റെ കണ്ഫ്യുഷന്‍ തീര്‍ക്കണമേ "

ചേട്ടന്‍ ആ പാട്ടിനു മറുപടി പറഞ്ഞത് എന്നെ സ്വല്പം കൊള്ളിച്ച് ആണോ എന്നൊരു സംശയം " നിനക്ക് എന്തിനു അഡ്മിഷന്‍ തന്നു എന്ന് അവര്‍ക്ക് ഇന്ന് മുതല്‍ കണ്ഫ്യുഷന്‍ തുടങ്ങും "

                                    അങ്ങനെ ക്ലാസ് തുടങ്ങി മഹാ ബോറ് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ . സാറന്മാര് ഏതു ഭാഷയിലാണ് ക്ലാസ് എടുക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കി വരുമ്പോഴേക്കും അവര്‍ രണ്ടു ചാപ്റ്റര്‍ കഴിഞ്ഞിട്ടുണ്ടാകും . ചന്ദ്രനിലേക്ക് വിട്ട റോക്കെറ്റ്‌ അപ്പുറത്തെ ചന്ദ്രികയുടെ കുളിമുറിയില്‍ പോയി വീണ ISRO- ക്കാരന്റെഅവസ്ഥ ആയി എനിക്ക് . പിന്നെ ആകെ ഉള്ള ആശ്വാസം നല്ല കളക്ഷനും നല്ല സെലക്ഷനും പക്ഷെ ആ പ്രതീക്ഷയും 3ഞ്ചി.
 ഒറ്റ പെണ്പിള്ളേര്‍ക്കുംextracaricularactivitiesഇല്‍ തീരെ താത്പര്യം ഇല്ല . ഇപ്പൊ പഠിച്ചു എന്‍ജിനീയര്‍ ആകും എന്നിട്ട് നാളെ അമേരിക്കയുടെ സാമ്പത്തിക മേഖല
പരിപോഷിപ്പിക്കാന്‍ പോകും എന്നാണ് എല്ലാ അവളുമാരുടെയും മുഖഭാവം .
                                       അവളുമാരുടെ ഇടയില്‍ രക്ഷ ഇല്ല എന്ന് കണ്ടതുകൊണ്ടാണോ എന്തോ ഞാന്‍ അവന്മാരെയും ശ്രദ്ധിക്കാന്‍ തുടങ്ങി അവിടെയും
ഞാന്‍ പ്രതീക്ഷ നല്‍കുന്ന ഒരു മുഖവും കണ്ടില്ല . എല്ലാവരും സായിപ്പിന്റെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ഇരിക്കുന്നവര്‍
വേണ്ടിയിരുന്നില്ല ,ചേരേണ്ടിയിരുന്നില്ല അപ്പന്റെ കാശ് ഗുദാ ഹവാ . അങ്ങേര്‍ക്ക് ഒരു ഗുണം ഉണ്ടാകാനും പോകുന്നില്ല
എനിക്കാണെങ്കില്‍ ഒരു ടൈം പാസ്സും ഇല്ല . അങ്ങനെ ഇരിക്കുമ്പോഴാണ് കൂട്ടത്തില്‍ വ്യത്യസ്ഥമായി പുസ്തകത്തില്‍ നോക്കുന്നതിനു ഇടക്ക്
ഒളികണ്ണിട്ട് പെണ്‍കുട്ടികളുടെ സെക്ഷനിലേക്ക് നോക്കുന്ന രണ്ടു പേരെ ഞാന്‍ കാണുന്നത്, ഞാന്‍ കണ്ടു എന്ന് അവരും
കണ്ടു  . പണ്ടത്തെ കാര്ന്നോന്മാര് പറയുന്നതുപോലെ രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം . Boyz Alwayz Boyzzzzzz.

               ഒന്നാമന്‍ ജെസില്‍ രണ്ടാമന്‍ ഞങ്ങള്‍ എല്ലാവരും നൂറ് എന്നു വിളിക്കുന്ന നൂറുല്‍ അമീന്‍ കോയ തങ്ങള്‍. ഇതിലെല്ലാം രസം എന്താണെന്നു വച്ചാല്‍ ഈ രണ്ടെണ്ണവും തുടര്‍ന്നങ്ങോട്ട് കോളേജിലും എന്റെ കൂടെ ഉണ്ടായിരുന്നു എന്നതാണ് . ഈ ഒരു കൂട്ടുകെട്ട് എനിക്കു നേടിത്തന്ന ആശ്വാസം നിങ്ങളില്‍ പലര്‍ക്കും ഊഹിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു .
         ഇനി വീണ്ടും ക്ലാസിലേക്ക് - അധ്യാപകര്‍ തലേ ദിവസം പഠിപ്പിച്ചത് ചോദിച്ചു കൊണ്ടാരിക്കും ഒരു ദിവസത്തെ ക്ലാസ് തുടങ്ങുന്നത് എല്ലാം ഒറ്റ വാക്കില്‍ ഒതുങ്ങുന്ന ഉത്തരം ആണ് എന്നതാണ് ആശ്വാസം. അഥവാ ചോദ്യം കേട്ട് ഉത്തരം അറിയില്ലങ്കില്‍ നമുക്ക് ഓപ്ഷന്‍സ് ചോദിക്കാം എന്നതാണ് ഞങ്ങള്‍ മൂന്നുപേരെയും സംബന്ധിച്ച് മറ്റൊരു വലിയ ആശ്വാസം . ഓപ്ഷന്‍ കിട്ടിയാലും ഉത്തരം പറയാന്‍ കഴിയില്ല എന്നറിയാമെങ്കിലും ഞങ്ങള്‍ ഞങ്ങളോട് ചോദിക്കുന്ന ഏതു ചോദ്യത്തിനും ഓപ്ഷന്‍സ് ചോദിക്കുകയും ചെയ്യും . കറക്കികുത്തി എങ്കിലും ശരിയാക്കാം എന്ന ശുഭാപ്തി വിശ്വാസം ആണ് അതിനു പിന്നില്‍ . ഒരു കണക്കിന് നോക്കിയാല്‍ ഈ ഓപ്ഷന്‍ സൗകര്യം ഞങ്ങളെ മാത്രം
ഉദ്ധേശിച്ച് ഉള്ളത് ആയിരുന്നു . ചോദ്യം ചോദിക്കുന്നതിനു മുന്‍പ് ഉത്തരം പറയുന്നവര്‍ക്ക് എന്ത് ഓപ്ഷന്‍ .

        ഇത്രയും പറഞ്ഞപ്പോഴാണ് സാറന്മാരെ പറ്റി പറഞ്ഞില്ലല്ലോ എന്നോര്‍ക്കുന്നത് . ഞങ്ങളെ ഫിസിക്സ് പഠിപ്പിക്കുന്ന കോശി സര്‍  അദ്ദേഹം ആണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകനും പ്രധാന അധ്യാപഹയനും . ഒരു പ്രതിഭയുടെ ഒന്നോ രണ്ടോ നട്ട് ലൂസായാല്‍ എങ്ങനെ ഇരിക്കും അതാണ് ഞങ്ങളുടെ കോശി സര്‍ . ഇദേഹത്തെ പോലെ വേറെ ഒരാളെ പിന്നെ കണ്ടത് ഞങ്ങളുടെ
കോളേജില്‍ ഓര്‍ഗാനിക് കെമിസ്ട്രി പഠിപ്പിച്ച ജോയി സര്‍ ആണ് . ഇവരുടെ രണ്ടുപേരുടെയും കുഴപ്പം എന്താണെന്നു വച്ചാല്‍
പഠിപ്പിക്കുന്ന കാര്യം ഒഴികെ വേറെ ഒരു കാര്യം പോലും ഓര്‍മയില്‍ നിക്കില്ല എന്നതാണ് കോശി സര്‍ കുറച്ചു വ്യത്യസ്തന്‍ ആണ്
ഓരോ കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെ തൊഴിലും പുള്ളിക്കാരന് കൃത്യം ആയിട്ട് അറിയാം അവിടെ പഠിക്കുന്ന കുട്ടികളെ
സാറ് അവരുടെ പേര് വിളിച്ച് അഭിസംബോധന ചെയ്ത് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല " ഡാ ഡോക്ടറുടെ മോനെ" അല്ലങ്കില്‍ "വക്കീലിന്റെ മോനെ " എന്നൊക്കെ വിളിച്ചാണ് സര്‍ ചോദ്യം ചോദിക്കുന്നത് . ഫീസു കൊടുക്കുന്ന തന്തമാരുടെ കീശയുടെ വലുപ്പം മാത്രമേ
സാറിന്റെ ഓര്‍മയില്‍ ഉള്ളു എന്നുചില അസൂയക്കാര്‍ പറയാറുണ്ട്.

                  അങ്ങനെ പ്രൌഡ ഗംഭീരമായി ക്ലാസ്സുകള്‍ മുന്നോട്ടു പോകുന്നു . ഒരു ശനിയാഴ്ച കോശി സാറിന്റെ ക്ലാസ് ഞങ്ങള്‍ പതിവുപോലെ ഇതിലൊന്നും തീരെ താത്പര്യം ഇല്ലാത്തതിനാല്‍ അല്ലങ്കില്‍ നമ്മള്‍ ഇത് എത്ര കണ്ടിരിക്കുന്നു എന്നതുകൊണ്ടോ structure of classmates എന്ന പ്രബന്ധത്തെ കുറിച്ച് വളരെ കാര്യമായി ചര്‍ച്ച നടത്തുന്നു. സാറിന്റെ കുറുക്കന്‍ കണ്ണ് സ്വല്പം ഉറക്കെ അഭിപ്രായം രേഖപ്പെടുത്തിയ നൂറിന്റെ നേരെ എത്തിയത് ഞങ്ങള്‍ മാത്രം അറിഞ്ഞില്ല . കഷ്ടകാലത്തിന് സാര്‍ അവന്റെ അച്ഛന്റെ ജോലി മറന്നു പോയി . കൃത്യമായിട്ട് ആളെ മനസിലാത്തത് കൊണ്ടാണോ എന്തോ നൂറിനെ നോക്കി ഉമ്മന്‍ചാണ്ടിയുടെ സ്റ്റൈലില്‍ സാറ് ചോദിച്ചു " Who who who who is your father?"
പാവം നൂറു ഊര്ജതന്ത്രത്തിലെ ഏതോ വലിയ ചോദ്യം ചോദിച്ചതാണെന്ന് വിചാരിച്ച് ഇപ്പൊ ഉത്തരം പറഞ്ഞേക്കാം എന്ന ഭാവത്തില്‍ സാറിനോട് പറഞ്ഞു
"Sir Options Please"

എന്തായാലും കോശി സാര്‍ ഇത് വരെ പിന്നെ ഒരു കുട്ടിയുടെയും അച്ഛന്റെയും തൊഴില്‍ മറന്നിട്ടില്ല പോരാത്തതിന് ഓപ്ഷന്‍ കൊടുക്കുക എന്ന പരിപാടി അന്ന് കൊണ്ട് നിര്‍ത്തുകയും ചെയ്തു

(തുടരും..................... )

Saturday, March 2, 2013

ആത്മഹര്‍ഷത്തോടെ നിങ്ങളുടെ സ്വന്തം ചാക്കോച്ചന്‍

ഡല്‍ഹി ബലാത്സംഗത്തിന്റെ അലകള്‍ അടങ്ങുന്നതിനു മുന്‍പുതന്നെ വീണ്ടും ഒരു ബലാത്സംഗ വാര്‍ത്തകൂടി . ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട് ഇര വെറും ഏഴു വയസ്സ് മാത്രമുള്ള ഒരു കുട്ടിയാണ് . വടക്കന്‍ ഡല്‍ഹിയിലെ മംഗല്‍പൂരി മുനിസിപ്പല്‍ സ്കൂളില്‍ ആണ് സംഭവം നടന്നത് .
                                               നല്ല രോമാഞ്ചം കൊള്ളിക്കുന്ന വാര്‍ത്ത അല്ലെ ?
കേള്‍ക്കുമ്പോള്‍ തന്നെ ഓരോ രോമകൂപവും എഴുനേറ്റു നിന്ന് പ്രതിഷേധിക്കാന്‍ തുടിക്കുന്നു . നാലു ബസ്സ്‌ തകര്‍ത്തോ പോലീസ് ബാരിക്കേഡ് ചാടിക്കടന്നോ എന്റെ പ്രധിഷേധം അറിയിക്കാന്‍ മനസ് കിടന്നു വെമ്പല്‍ കൊള്ളുന്നു . ജനജീവിതം സ്തംബിപ്പിക്കണം , പ്രതിഷേധത്തിന്റെ മാറ്റൊലി അങ്ങ് പാര്‍ലമെന്റ് മന്ദിരം വരെ എത്തണം . നാലു ആളുകള്‍ കൂടുന്നു ,പോലീസ് ലാത്തിച്ചാര്ജ് , അടി, കണ്ണീര്‍ വാതകം (അതാകുമ്പോള്‍ മുതലകണ്ണീര്‍ ഒഴുക്കാന്‍ സഹായിക്കും),ജലപീരങ്കി (സോപ്പും തോര്‍ത്തും കരുതുകയാണെങ്കില്‍ ഒന്ന് കുളിച്ചു കയറുകയും ചെയ്യാം). ഓരോ പ്രതിഷേധങ്ങളും ഇവിടെ വെറും ആഘോഷങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ് . അല്ലാതെ എന്ത് ഗുണമാണ് ഈ പ്രതിഷേധങ്ങള്‍ കൊണ്ട് ഇവിടെ ഉണ്ടായത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ നടപടി എടുത്തതു കൊണ്ടാണല്ലോ പിന്നെയും ഇത്തരം മൃഗവാഴ്ച്ചകള്‍ (മൃഗവാഴ്ച എന്നും പറയാന്‍ പാടില്ല മൃഗങ്ങള്‍ പീഡനത്തിനു കേസ് കൊടുക്കും)ഇവിടെ വീണ്ടും വീണ്ടും മനസാക്ഷിയെ വേദനിപ്പിച്ച് നടന്നു കൊണ്ടിരിക്കുന്നത് .
                                    പാപബോധം അല്ല മനുഷ്യനെ കുറ്റകൃത്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് .കിട്ടാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള ഭയം ആണ് .നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഇപ്പോള്‍ പൊതുവെ ജനങ്ങള്‍ക്ക് നീതി നിയമ വ്യവസ്ഥകളോട് പഴയ രീതിയിലുള്ള ഒരു പേടിയോ ബഹുമാനമോ ഇല്ല എന്നത് വസ്ത്രം ഉടുക്കാത്ത സത്യമാണ് .അത് തന്നെ ആണ് കുറ്റകൃത്യങ്ങള്‍ കൂടാനുള്ള കാരണവും .                 മാറ്റങ്ങള്‍ കാലോചിതങ്ങള്‍ ആണ് പക്ഷെ എന്ത് കൊണ്ടാണ് നമ്മുടെ നിയമ വ്യവസ്ഥിതിയില്‍ കാലോചിതമായ പരിഷ്കരങ്ങളും മാറ്റവും ഉണ്ടാകാത്തത്‌  നമ്മുടെ ശിക്ഷകള്‍ കഠിനം ആക്കണം ,നീതി നടപ്പാക്കുന്നത് പെട്ടന്ന് തന്നെ ആകണം ,നീതി വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യം ആണ് 

                       ഇത്തരത്തില്‍ നിയമ ഭേദഗതി വരുത്തുവാന്‍ ഉതകുന്ന രീതിയിലുള്ള  പ്രതിഷേധങ്ങള്‍ ആണ്  ഇനി നമ്മള്‍ നടത്തേണ്ടത് അല്ലാതെ വെറും പ്രഹസനങ്ങള്‍ ആയിത്തീരാന്‍ ഇടയുള്ള വേലിചാട്ടവും പൊതുമുതല്‍ നശീകരണവും അല്ല . ചുമ്മാതെ കരഞ്ഞുകൊണ്ട്‌ കുളിക്കാം എന്നല്ലാതെ ഇത്തരം പ്രതിഷേധം കൊണ്ട് യാതൊരു ഗുണവും ഇല്ല .  
                                    "  അങ്ങനെ ഈ സംഭവം കേട്ടപ്പോള്‍ എനിക്കുണ്ടായ ചോരത്തിളപ്പിനും  പ്രതിഷേധത്തിനും ഒരു പരിധി വരെ ആശ്വാസം കിട്ടി ,എന്റെ പ്രതിഷേധം അറിയിക്കാന്‍ ഒരു ബ്ലോഗ്‌ അങ്ങ് പോസ്റിയില്ലേ . എല്ലാം ആയി . ഇനി നാളെ മുതല്‍ നമ്മുടെ നിയമ സംഹിത തിരുത്തിയെഴുതാന്‍ അവര്‍ തുടങ്ങിക്കൊള്ളും "
                       അങ്ങനെ ഇന്ത്യാ ചരിത്രത്തിലെ ഒരു നിര്‍ണായക തീരുമാനത്തിനു  കാരണക്കാരന്‍ എന്ന ആത്മഹര്‍ഷത്തോടെ നിങ്ങളുടെ സ്വന്തം ചാക്കോച്ചന്‍ .