Wednesday, August 21, 2013

പറയാതെ ബാക്കി വച്ചത് ..............

                  " നാം പലപ്പോഴും ബലഹീനതകളുടെ അടിമകൾ ആണ് ", അവൾ അന്ന് എന്നോട് അങ്ങനെ സൂചിപ്പിച്ചപ്പോൾ ഞാൻ അതിന്റെ ആഴം അളക്കുവാൻ മിനകെട്ടില്ല എന്നതാണ് സത്യം . പക്ഷെ ഇന്ന് ,ഇപ്പോൾ ഈ ഏകാന്തതയിൽ കഴിഞ്ഞു പോയതിനെ മനസ്സിലേക്ക് വീണ്ടും പകർത്തുമ്പോൾ ആ വാക്കുകളുടെ വ്യാപ്തിയും ശക്തിയും ഞാൻ തിരിച്ചറിയാതെ പോയോ എന്ന് സംശയിക്കുന്നു . ഇന്ന് ഞാൻ അത് തിരുത്തുന്നു "നാം എല്ലായിപ്പോഴും ബലഹീനതകളുടെ അടിമ തന്നെയാണ് "

                                          ഗ്രീഷ്മവും ശിശിരവും വസന്തവും എല്ലാം പുറകിലേക്കു സഞ്ചരിക്കേണ്ടിയിരിക്കുന്നു ,അന്ന് ആ രണ്ടു കോമകൾക്കുള്ളിൽ അവൾ പറഞ്ഞു നിർത്തിയടത്തു നിന്നും എനിക്ക് തുടങ്ങാൻ .

                                                     ശാലിനി അതായിരുന്നു അവളുടെ പേര് ,അവൾ എനിക്കാരായിരുന്നു , ആരുമല്ലായിരുന്നു എന്ന് ഇപ്പോൾ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിലും അവൾ എനിക്കെന്തെല്ലാമോ ആയിരുന്നു .ഒരു സുഹൃത്ത് എന്നതിലുപരി ഇനിയും ഞങ്ങൾക്ക് നിർവചിക്കാനാവാത്ത ആ ബന്ധത്തെ പലരും പ്രണയം എന്ന പേരിട്ടായിരുന്നു വിളിച്ചിരുന്നത് . അത് കേൾക്കുവാൻ ഇഷ്ടമായിരുന്നു എങ്കിൽ കൂടിയും ഞാനതിനെ ആഗ്രഹിച്ചിരുന്നില്ല . ഒരു സ്ത്രീക്കും പുരുഷനും പരസ്പരം മനസ്സിലാക്കാനും ഉൾക്കൊള്ളാനും പ്രണയം എന്ന വാക്കിന്റെ തണൽ ആവശ്യമാണോ എന്നതായിരുന്നു എന്റെ സംശയം .

                                                                ഒരു ഇലക്ഷൻ കാലഘട്ടം , ഇടതുപക്ഷ അനുഭാവിയായ എന്റെ ഒരു കൂട്ടുകാരന് വോട്ടു പിടിക്കുവാൻ വേണ്ടിയാണ് ഞാൻ അവളുടെ ക്ലാസ്സിൽ ആദ്യമായി പോകുന്നത്.എന്റെ കലാലയത്തിൽ പുതുതായി തുടങ്ങിയ ഒരു ബാച്ച് . വ്യക്തമായി പറഞ്ഞാൽ ഞങ്ങളെക്കാൾ മൂന്നു വർഷം മുതിർന്ന ഒരു ക്ലാസ് . ഉന്നത വിദ്യാഭ്യാസത്തിന്റെ യാതൊരു സമ്മർദങ്ങളും ഇല്ലാത്ത ഒരു കൂട്ടം പെണ്കുഭട്ടികളെ മാത്രം ആണ് ഞാൻ അവിടെ കണ്ടത് . അവരുടെ ഇടയിൽ മുഖം താഴേക്ക്‌ താഴ്ത്തി കണ്ണുകൾ മുകളിലേക്ക് ഉയർത്തി കടന്നു വന്ന ഞങ്ങളെ നോക്കുന്ന ആ പെണ്കു്ട്ടിയെ മാത്രം ഞാൻ എന്തുകൊണ്ട് ശ്രദ്ധിച്ചു എന്ന് ഇന്നും എനിക്ക് മനസിലാകാതെ തുടരുന്നു .

                                               അവിടെ ആയിരുന്നു എല്ലാത്തിനും തുടക്കം . പിന്നീടെന്തുകൊണ്ടോ ഞാൻ ആ ബാച്ചിന്റെനിത്യസന്ദർശകൻ ആയിത്തീർന്നു . ഓരോ ഇടവേളകളിലും അവൾ എന്റെ സാനിദ്ധ്യം ഒരുകാറ്റിന്റെ സ്പർശം പോലെ അനുഭവിക്കുകയായിരുന്നു . ഞാൻ സൂര്യന്റെ കീഴിലെ എന്തിനെകുറിച്ചും അവളോട്‌ വാചാലനാകുമായിരുന്നു . നുണയാണെന്ന് അവൾക്ക് അറിയാമെങ്കിലുംഅവൾ അത് കേൾക്കുമായിരുന്നു കാരണം അതു കേൾക്കുന്നത് അവൾക്കിഷ്ടമായിരുന്നു

                                                     സമാന്തരമായി വരച്ച രണ്ടു നേർരേഖകളിലൂടെ സഞ്ചരിക്കുന്നവരാണ് ഞങ്ങൾഎന്നറിയാമായിട്ടു കൂടിയും ഞങ്ങൾ ഞങ്ങളുടെ സൌഹൃതം എങ്ങനെയോ പങ്കുവച്ചിരുന്നു .ഒന്നും പറയാതെ തന്നെ പലതിനെ പറ്റിയും വാചാലമാകാരുണ്ടായിരുന്നു . ഞങ്ങളുടെ ഇടയിലെമൗനം പോലും ഒരായിരം ആശങ്കകൾ പങ്കു വയ്ക്കുകയായിരുന്നു .

                                                      ആ ഒരു ഹൃദയതാളം കാരണമാകാം അന്ന് അവൾക്കു സുഖമില്ലാതെകിടന്നപ്പോൾ എന്റെ മാനസിക നിയന്ത്രണങ്ങൾക്ക് ആ വാർത്ത ഒരു നോവു പകർന്നത് . ഒരുഅനുജൻ മാത്രമായി അവളെ കാണുവാൻ പോകുമ്പോഴും എൻറെ മനസ്സിൽ ആ വേദനയുടെപിടച്ചിൽ ഉണ്ടായിരുന്നു .

                                                     ഇന്നലകൾ എന്ന പോലെ ആ രണ്ടു വർഷങ്ങൾ കടന്നു പോയത് എത്രപെട്ടന്നായിരുന്നു വേർപിരിയലിന്റെ നൊമ്പരത്തിന്റെ ആഴം കൂട്ടുവാൻ വേണ്ടി ആയിരുന്നു ആകല്യാണം പോലും എന്ന് എനിക്കിപ്പോൾ തോന്നുന്നു . അവളുടെ ബാച്ചിലെ ഒരു കുട്ടിയുടെകല്യാണം . എന്തുകൊണ്ടോ എനിക്കും ക്ഷണം ഉണ്ടായിരുന്നു . അവളുടെ കൂടെ കുറച്ചു നേരംകൂടി ചിലവിടാം എന്നതുകൊണ്ട്‌ മാത്രം ഞാനും ആ കല്യാണത്തിനു പോകാം എന്നു തീരുമാനിച്ചു. "തെറ്റായ ചില തീരുമാനങ്ങൾ നമ്മൾ എത്ര പെട്ടന്നാണ് തിരഞ്ഞെടുക്കുന്നത്". ആ ഒരു യാത്രഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ കൈ മുറിയുന്ന ലാഘവത്തോടെ പിന്നിട്ട വഴികളിൽഉപേക്ഷിക്കപ്പെടുമായിരുന്നു മനസ്സിന്റെ ഈ നൊമ്പരം .

                                              ആ തിരക്കുള്ള വഴി മുറിച്ചു കടന്നപ്പോൾഅവൾ എന്തിനായിരുന്നു എന്റെ കൈകൾ മുറുക്കി കോർത്തു പിടിച്ചത് ? ആ ഒരു ദിവസംമുഴുവൻ എന്തിനായിരുന്നു അവൾ എന്റെ കൂടെ ചിലവഴിച്ചത് ? തിരികെ പോരുമ്പോൾ ആബസ്സിൽ തിരക്കില്ലായിരുന്നിട്ടു കൂടിയും എന്തിനായിരുന്നു അവൾ എന്നോടു ചേർന്നു നിന്നത്?ഇനി ഒരിക്കലും കാണില്ല എന്നു പറയുന്നതുപോലെ അവളുടെ ചുണ്ടുകൾ വിതുമ്പിയോ ? ആനേർത്ത കാറ്റിൽ അവളുടെ മുടി ഇഴകൾ പോലും എന്നോടു എന്തോ പറയുവാൻവെമ്പുകയായിരുന്നില്ലേ ? ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൾ അന്ന് ഇറങ്ങിപോയപ്പോൾ എന്റെ മനസ്സും കൂടെ ഇറങ്ങാൻ തുടിച്ചില്ലായിരുന്നോ?

                                          ......... അന്ന് , എനിക്ക് ഞാൻ തന്നെ വിധിച്ച അജ്ഞാത വാസത്തിനു ശേഷം ,നീണ്ട മൂന്നു വർഷങ്ങൾക്കു ശേഷം ഡൽഹിയുടെ തണുത്ത കമ്പളത്തിനുള്ളിൽ അവളെയും കാത്തുഅവളുടെ കമ്പനിയുടെ സന്ദർശക മുറിയിൽ ഇരിക്കുമ്പോൾ എന്തായിരുന്നു എന്റെ മനസ്സിൽ .എന്നാൽ മൂന്നു വർഷങ്ങൾക്കു ശേഷം എന്നെ കാണുമ്പൊൾ ഉണ്ടാവേണ്ടിയിരുന്ന ഒരുസന്തോഷവും മുഖത്ത് കാണിക്കാതെ അവൾ എന്റെ അടുത്തു വന്നിരുന്നു .നീണ്ട ഇടവേളകളിലെവിശേഷങ്ങൾ ഓരോന്നായി ചോദിച്ചും പറഞ്ഞും ഞങ്ങൾ വിരസ്സമായി ആ നിമിഷങ്ങൾ തള്ളിനീക്കി . ഒടുവില ഞാൻ ഇനി തിരികെ നാട്ടിലേക്കു , ആ പഴയ എന്നിലേക്കു തന്നെ തിരികെപോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്റെ കൈ വീണ്ടും കോർത്തു പിടിച്ചു അവൾപറഞ്ഞതാണ് ഈ വാക്കുകൾ " നാം പലപ്പോഴും ബലഹീനതകളുടെ അടിമകൾ ആണ്". പക്ഷെ ഈവാക്കുകൾ പറയുമ്പോൾ അന്നാദ്യമായി അവളുടെ മിഴികൾ തുളുമ്പുന്നത്‌ ഞാൻ കണ്ടുഎന്നിരുന്നാലും ആ നീണ്ട വരാന്തയിലൂടെ തിരിഞ്ഞു നോക്കാതെ നടന്നകന്നു... ഏകനായി...............................