Thursday, April 16, 2015

ഹാപ്പി ഡെയ്സ് -ദേശീയ ഗാനം

കഴിഞ്ഞ ദിവസം കൂട്ടുകാരന്‍റെ മകള്‍ക്ക് നമ്മുടെ ദേശീയഗാനം പഠിപ്പിച്ചു കൊടുക്കാന്‍ ഒരു അവസരം ഉണ്ടായി .കുറെ  വര്‍ഷത്തിനു മുകളിലായി ഞാന്‍ ദേശീയ ഗാനം ആലപിച്ചിട്ട് . എന്നിട്ടും ഒരു തെറ്റും ഇല്ലാതെ അത് അവള്‍ക്ക് പഠിപ്പിച്ചു കൊടുക്കാന്‍ എനിക്ക് സാധിച്ചു എന്നത് വളരെ സന്തോഷം നല്‍കിയ ഒരു കാര്യം ആണ്

ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും അത് മനസ്സില്‍ ഉണ്ടാവാന്‍ ദേശീയതയ്ക്ക് മുകളിലായി ഒരു സംഭവം ഉണ്ട് .

                                                പണ്ട് NCC ട്രെയിനിംഗില്‍ ആയിരുന്ന കാലം 2004 ആണന്നു തോന്നുന്നു .  . ഞങ്ങള്‍  അന്ന് സീനിയര്‍സ് ആണ് ജൂനിയര്‍ കുട്ടികളും കൂടെ ഉണ്ട് .അന്ന് വൈകിട്ടത്തെ കച്ചറ (cultural )പരിപാടി നടക്കുന്ന സമയം .ജൂനിയേര്‍സ്‌ സംഘ ഗാനം അവതരിപ്പിക്കുകയാണ് . ഏതോ ഒരു ഹിന്ദിപ്പാട്ട് ഞങ്ങള്‍ (ഞാന്‍ ,ശ്രീനു ,വിപിന്‍,നൂറ്) ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ എന്തോ തമാശ പറഞ്ഞിരിക്കുന്നു . പാട്ടിന്‍റെ ഇടയ്ക്കു നൂറ് ഞങ്ങള്‍ക്ക് എട്ടിന്റെ  പണി തന്നു ,ഉറക്കെ ഒരു ചിരി . പ്ലിംഗ് .JTO അത് നന്നായി കേട്ടു .പാട്ട് ഇഷ്ടപ്പെടാതെ ഞങ്ങള്‍ കളിയാക്കി ചിരിക്കുകയാണ് എന്നാണ് ആ തെണ്ടി (അവനെ അങ്ങനെ വിളിക്കാനേ മനസ് വരുന്നൊള്ളൂ- അത്രക്ക് ഉപകാരം ചെയ്തു തന്നിട്ടുണ്ട്  ആ നാറി ആ കഥ പിന്നെ പറയാം )വിചാരിച്ചത് . പിന്നെ അവന്‍ ഒട്ടും താമസിച്ചില്ല എല്ലാവരെയും എഴുന്നെപ്പിച്ചു . കൂടുതല്‍ ചോദ്യവും പറച്ചിലും ഒന്നും ഇല്ല ."എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരു പാട്ട് പാടിയിട്ട് ഇരുന്നാ മതി" എന്നും പറഞ്ഞു . ഞാന്‍ ആരാ മോന്‍ വിട്ടു കൊടുക്കുമോ . അപ്പൊ കത്തി തലയില്‍ ബള്‍ബ്‌, ദേശീയഗാനം പാടി കഴിഞ്ഞാല്‍ ആരും ഇഷ്ടപ്പെട്ടില്ല എന്ന് പറയില്ല . എല്ലാവരോടും ഐടിയ പറഞ്ഞു അവര്‍ക്കും സമ്മതം .

                                                       പിന്നെ ഒന്നും നോക്കിയില്ല എല്ലാവരുടെയും മുന്‍പിലായി നിരന്നു നിന്നു. പാടി തുടങ്ങി "ജനഗണ മന അധി നായക ജയഹെ " പ്ലിംഗ് നമ്മുടെ നൂറ് പിന്നേം തന്നു നല്ല ഒരു പണി .അവന്‍ തെറ്റിച്ചു അവന്‍ തെറ്റിക്കാന്‍ നോക്കി ഇരിക്കുവാരുന്നെന്നു തോന്നുന്നു കൂടെ ഉള്ള മറ്റെവന്മാരും . അവസാനം പാട്ട് ഒരു അന്തവും കുന്തവും ഇല്ലാതെ നിര്‍ത്തി .

ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഒരു ബുക്ക്‌ ഉണ്ട് അതില്‍ ദേശീയ ഗാനവും ഉണ്ട് . JTO അത് എടുത്തു കൊണ്ട് വരാന്‍ പറഞ്ഞു എല്ലാവരും പോയി എടുത്തു . അത് കഴിഞ്ഞു അവന്‍ എല്ലാവരോടുമായി ഒരു ചോദ്യം "നിങ്ങള്‍ക്ക് ഈ പാട്ട് ഇഷ്ടമായോ?? " എന്‍റെ അവസ്ഥ കണ്ടു മനസലിഞ്ഞിട്ടാണോ എന്തോ സജാസ് മാത്രം പറഞ്ഞു "യെസ് സര്‍ ".

                                                          പിന്നെ അയാള്‍ അമാന്തിച്ചില്ല "നീയും കൂടി ഇങ്ങു വന്നെ", എന്നിട്ട്  എല്ലാവരോടും പറഞ്ഞു "മീറ്റിംഗ് കഴിയുന്നതിനു മുമ്പ് ദേശീയ ഗാനം പാടി പഠിച്ചു കേള്‍പ്പിച്ചിട്ട് പോയാ മതി എല്ലാവരും ". കേള്‍ക്കുമ്പോള്‍  വളരെ നിസാര പണിഷ്മെന്റ് ആണെന്ന് തോന്നി പക്ഷെ ....

                                                      ബുക്ക്‌ നിലത്ത് വച്ചിട്ട് രണ്ടു കയ്യും നിലത്തും കാല് മുകളിലും ആയി വേണം പഠിക്കാന്‍ ഒരു സപ്പോര്‍ട്ടിന് തല നിലത്തു കുത്താം എന്ന് വിചാരിച്ചാല്‍ ബുക്ക്‌ കാണാനും പറ്റില്ല . അങ്ങനെ നിക്കുമ്പോള്‍ എന്‍റെ സാറേ കാലിന്‍റെ അടിഭാഗതൊക്കെ ഉള്ള ചോര ഇങ്ങനെ ഇരച്ചു തലേലോട്ടു വരും .രണ്ടു ചെവിയും തന്നെ അടഞ്ഞു പോകും ചുറ്റും ഉള്ളവര് പറയുന്നത് ഒന്നും കേള്‍ക്കാന്‍ കഴിയില്ല .ഒരു മൂളക്കം മാത്രം .സ്വല്പം കൂടി കഴിയുമ്പോള്‍ വെളുത്ത ബുക്ക്‌ ചുവന്നു തുടങ്ങും . അപ്പൊ മനസിലാക്കാം കണ്ണിന്‍റെ ഞരമ്പില്‍ ചോര നിറഞ്ഞു എന്ന് . അങ്ങനെ നിന്ന് പഠിച്ചാല്‍ "The Copenhagen Interpretation" തിയറി വരെ അഞ്ചു മിനിറ്റില്‍ നമ്മള്‍ പഠിച്ചു പോകും പിന്നല്ലേ  52 സെക്കണ്ടുള്ള നമ്മുടെ ദേശീയ ഗാനം .

                                                    ഇങ്ങനെ പഠിച്ച ദേശീയ ഗാനം ഞങ്ങളോട് ഏതു ഉറക്കത്തില്‍ നിന്ന് ചോദിച്ചാലും ഒരു തട്ടും തടവും ഇല്ലാതെ പാടില്ലേ ??

വാല്‍ കഷ്ണം : ഞങ്ങളെ സഹായിക്കാന്‍ വന്ന സജാസ് ഞങ്ങള്‍ എല്ലാവരും പാടി കേള്‍പ്പിച്ചു പോന്നതിനു ശേഷവും അവിടെ തന്നെ തലയും കുത്തി നില്‍ക്കുന്നുണ്ടായിരുന്നു
                                                                                            (കഥ തുടരും.....................)