Friday, August 26, 2011

ഓര്‍മ്മയുണ്ടോ ഈ മുഖം ?

ഓര്‍മ്മയുണ്ടോ ഈ മുഖം ?

മറന്നു കാണാന്‍ വഴിയില്ല്യ ………..

വായിച്ചു തുടങ്ങും മുന്‍പ് പറയട്ടെ….

ഇതൊരു ഓര്‍മ്മപെടുത്തല്‍ ആണ് …അറിയാത്തവര്‍ക്ക് ഇവരെക്കുറിച്ചറിയാനും മറന്നു തുടങ്ങിയവര്‍ക്ക് ഒന്നോര്‍മ്മിച്ചെടുക്കാനും വേണ്ടി മാത്രമുള്ളത് …ഇപ്പോള്‍ നടന്നു വരുന്ന ഒരു സമരവുമായോ , മുന്‍പ് നടന്ന യാതൊരു സമരങ്ങളുമായോ ഉള്ള ഒരു താരതമ്യ പഠനമല്ല ഉദേശിക്കുന്നത് …

ഇങ്ങനെയും ഇവിടെ ഒരാള്‍ജീവിച്ചിരിക്കുന്നുണ്ട് ….

നിരാഹാര സമരമെന്നോ അഹിംസ സമരമെന്നോ പറഞ്ഞാല്‍ , പഞ്ചനക്ഷത്ര സൌകര്യങ്ങളുള്ള പന്തലില്‍ കിടന്നുള്ള ആളെ പട്ടിയാക്കുന്ന കളിയല്ലയെന്നും , സമരമെന്നത് ലോകം മുഴുവന്‍ മാര്‍ക്കറ്റ്‌ ചെയ്തു ഉത്തരാധുനിക കപട സദാചാരമുഖപടം എടുത്തണിഞ്ഞു ഉന്നം വെച്ചിരിക്കുന്ന ഭരണ യന്ത്രക്കസെരകളിലെക്കുള്ള ഒളിഞ്ഞു നോട്ടം ആകരുതെന്നും സ്വന്തം ജീവിതം കുരുതികൊടുത്ത് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ജീവിക്കുന്ന രക്തസാക്ഷി …..

കൂടുതല്‍ പറയുന്നതിന് മുന്‍പ് ആ മുഖത്തേക്ക് ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കുക …

പത്ത് വര്‍ഷത്തെ പൂര്‍ണ്ണ ഭക്ഷണം ഉപേക്ഷിച്ചുള്ള ജീവിതം സമ്മാനിച്ചതാണ്‌ പിറന്നു വീണത്‌ മുതല്‍ കൂടെ ജനിച്ചതെന്ന് തോന്നിപ്പിക്കപ്പെടുന്ന ആ പ്ലാസ്റ്റിക്‌ കുഴല്‍ ..

ഇവരാണ് ഷര്‍മ്മിള (Irom Chanu Sharmila)…മണിപ്പൂരിലെ ഉരുക്ക് വനിതയെന്നറിയപ്പെടുന്ന, കവയിത്രിയും ,മനുഷ്യാവകാശ പ്രവര്‍ത്തകയും ആയ മുപ്പത്തെട്ടുകാരി … Armed Forces (Special Powers) Act, 1958 (AFSPA) നിരോധിക്കണമെന്നും , പുനരാലോചിക്കണം എന്നും പറഞ്ഞ് കഴിഞ്ഞ പത്ത് വര്‍ഷമായി ജലപാനമില്ലതെയും, ഊണും ഉറക്കവും ഉപേക്ഷിച്ചു, യഥാര്‍ത്ഥ നിരാഹാര സത്യഗ്രഹമെന്നോ ഗാന്ധി സമരമെന്നോ അതിനപ്പുറം എന്തെങ്കിലും വിശേഷണങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ചാര്‍ത്തിക്കൊടുത്താലും പിന്നെയും പോര എന്ന് തോന്നുന്ന സമരം നടത്തി വരുന്ന ജീവിക്കുന്ന രക്തസാക്ഷി ….

അവര്‍ അല്‍ഭുധമാണ് …. ലോകത്തില്‍ തന്നെ ജീവിച്ചിരിക്കുന്ന ” ഏറ്റവും കൂടുതല്‍ കാലം ജലപാനമില്ലാതെ നിരാഹാരം അനുഷ്ടിച്ചു വരുന്ന ” മനുഷ്യജീവി …

2005 ലെ നോബല്‍ സമ്മാനത്തിനു പേര് നിര്‍ദ്ദേശിക്കപ്പെട്ട , അമ്പത്തിയോന്നു ലക്ഷം രൂപ സമ്മാനത്തുകയുള്ള ‘Rabindranath Tagore Peace Prize’ ലഭിച്ച, നിരവധി ദേശീയ -അന്താരാഷ്ട്ര അവാര്‍ഡുകള്‍ കൊണ്ട് ബഹുമാനിക്കപ്പെട്ട , ഇനിയുമൊരുപാട് അവാര്‍ഡുകള്‍ നേടാനിരിക്കുന്ന ഈ ധൃടനിശ്ചയത്തിന് മുന്നില്‍ മണിപ്പൂര്‍ സര്‍ക്കാരോ , അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരോ മാത്രം മൌനം പാലിക്കുന്നു …

ആരാണിവര്‍ എന്നറിയെണ്ടവര്‍ക്ക് —

മണിപ്പൂര്‍ - 2000 നവംബറിലെ തണുപ്പുള്ള പ്രഭാതത്തില്‍ ബസ്‌ കാത്തു നില്‍ക്കുകയായിരുന്ന ഷര്‍മ്മിള എന്ന ഇരുപത്തെട്ടുകാരി പെണ്‍കുട്ടിക്ക് മുന്നിലൂടെ , അവിടേക്ക് ഇരച്ചെത്തിയ അസം റൈഫിള്‍സിലെ സൈനികര്‍ അവിടെ നിന്നിരുന്ന പത്തു നിരപരാധി സാധാരണക്കാരെ “ Armed Forces (Special Powers) Act, 1958 (AFSPA) ” എന്ന നിയമത്തിന്‍റെ പിന്‍ബലത്തില്‍ കഴുത്തറത്തിട്ടപോള്‍ , എന്ത് വിലകൊടുത്തും ആ നിയമം തടയും എന്ന് പ്രതിജ്ഞയെടുത്ത ഒരു സാധാരണ സ്ത്രീ …

അന്ന് വ്യഴാഴ്ച ആയിരുന്നതുകൊണ്ട് സാധാരണ എടുത്തു വരാറുള്ള ഉണ്ണാവ്രതം അന്നുതൊട്ട് ഈ നിമിഷം വരെ മുറ തെറ്റാതെ ഒരു ജീവിതചര്യയാക്കിയ സ്ത്രീ … ഈ നിമിഷം വരെ ജലപാനം കഴിക്കാത്ത അവരിന്നും ജീവിക്കുന്നത് , മൂക്കില്‍ ആരംഭിച്ചു വയറില്‍ എത്തി നില്‍ക്കുന്ന പ്ലാസ്റ്റിക്‌ കുഴലിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ മരുന്നുകളും പോഷകങ്ങളും എത്തുന്നത് കൊണ്ട് മാത്രമാണ് …


ഇക്കഴിഞ്ഞ വര്‍ഷം , അവര്‍ മരിച്ചെന്നുവരെ പത്ര വാര്‍ത്തകള്‍ ഇറങ്ങിയിട്ടും ലോകമാകമാനമുള്ള എല്ലാവര്‍ക്കും ആശ്ചര്യമായി അവരിന്നും പോരാടുന്നു …

അന്താരാഷ്ട്ര തലത്തില്‍ നിന്നും കഴിഞ്ഞ ഏതാനം നാളുകളായി സമ്മര്‍ദ്ദം ഉണ്ടെങ്കിലും , മണിപ്പൂര്‍ സര്‍ക്കാരോ , ആരും തന്നെയോ ആ നിയമം തിരുത്തിയെഴുതാനോ , പുനരാലോച്ചനക്കോ എടുത്തിട്ടില്ല്യ . 2000ത്തില്‍ സമരം തുടങ്ങി മൂന്നാം ദിവസം മുതല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 309 വകുപ്പ് പ്രകാരം “ആത്മഹത്യക്ക് ശ്രമിച്ചു “ എന്നാ കാരണം ചുമത്തി തുറുങ്കില്‍ അടക്കപ്പെട്ട അവരെ ,” നിര്‍ഭന്ധിത ജീവന്‍ രക്ഷ ശുശ്രൂക്ഷകള്‍ക്കായി , ഇപ്പോഴും അറെസ്റ്റ്‌ ചെയ്തും വിട്ടയക്കപ്പെട്ടും കൊണ്ടിരിക്കുന്നു …

പാവം അവര്‍ അറിഞ്ഞില്ല്യാലോ സമരം തുടങ്ങും മുന്‍പ് ആദ്യം വേണ്ടത് അതിനെ നന്നായി മാര്‍ക്കറ്റ്‌ ചെയ്യുക എന്നതാണെന്ന് !!! അല്ലെങ്കില്‍ നിരാഹാരസമരം ഒരു ഷിഫ്റ്റ്‌ പോലെ അനുഷ്ട്ടിക്കണമെന്നും അവരോടു പറയാന്‍ ആരും ഉണ്ടായിരുന്നില്ല്യ .. കൂട്ടുപിടിക്കാന്‍ ഭരണ -രാഷ്ട്രീയ രംഗങ്ങളിലെ അപ്പോസ്തലന്മാര്‍ ഉണ്ടായിരുന്നില്ല്യ ….
ഒന്നോ രണ്ടോ നേരം ആഹാരം കഴിക്കാതെ ഇരിക്കുംബോഴെക്കും , അതിനെ ഊതിപ്പെരുപ്പിച്ചു മഹാസംഭവമാക്കി ഭരണതലങ്ങളിലേക്ക് കടത്തി കൂച്ചു വിലങ്ങിടാന്‍ ആര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല്യ …

എന്തിനുവേണ്ടിയാണെങ്കിലും , ഒരു സാധാരണ സ്ത്രീ കഴിഞ്ഞ പത്തു വര്‍ഷമായി ഊണും ഉറക്കവും ഇല്ലാതെ ചത്ത്‌ ജീവിക്കുമ്പോള്‍.. അതിനെതിരെ , സര്‍ക്കാരുകള്‍ പ്രകടിപ്പിക്കുന്ന ഈ ഭീകര നിശബ്ദതയെ വരാനിരിക്കുന്ന തലമുറ എന്ത് വികാരത്തോടെ ഓര്‍ക്കുമെന്ന് വൈകിയവേളയിലെങ്കിലും ഓര്‍ത്താല്‍ മതിയായിരുന്നുവെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു

…നന്ദി …തല്‍ക്കാലത്തെക്ക് വിട ….