Tuesday, February 19, 2013

ഒരു പ്രണയത്തിന്റെ ഓര്‍മ്മക്ക്

        ഒന്ന് രണ്ടു കൂട്ടുകാരുടെ പ്രണയാനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത്  എഴുതുന്നത്, അല്പം ആത്മകഥാംശവും ഉണ്ടെന്നു കൂട്ടിക്കോ ................................

കൗമാരത്തിന്റെ ചിറകിലേറി പാറിപ്പറന്നു നടന്ന ഒരു കാലഘട്ടം . പഠിച്ച സ്കൂളില്‍ തന്നെ + വണ്ണിനു ചേരുക എന്ന മുന്‍‌തൂക്കം മുതലെടുത്ത്‌ ക്ലാസ്സില്‍ വിലസ്സി അല്‍പ്പം ചീത്തപ്പേര് എടുത്തു തുടങ്ങിയതെ ഉള്ളു. എന്നിരുന്നാലും പെണ്‍കുട്ടികളുടെ ഇടയില്‍ മാന്യത നിലനിര്‍ത്താന്‍ ഞാന്‍ സദാ ജാഗരൂകന്‌ ആയിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ മുന്‍നിരയില്‍ ഇരിക്കുന്ന പെണ്‍കുട്ടികളുമായി ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് വളരെ പെട്ടന്ന് തന്നെ സാധിച്ചു
               
                                                               ആ കൂട്ടത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയോട് എനിക്ക് അടക്കാനാവാത്ത പ്രണയം വളരെ പെട്ടന്നു തന്നെ മൊട്ടിട്ടു. ആ കൂട്ടത്തില്‍ കാണുവാന്‍ തരക്കേടില്ലാത്ത മറ്റു പെണ്‍കുട്ടികള്‍ എനിക്ക് സഹോദരിതുല്യരെ പോലെ ആയന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ  (അപ്പോഴും സഹോദരിമാരല്ല ). എന്റെ മനസ്സില്‍ തോന്നിയ പ്രണയം അധികം കിടന്നു വളിച്ചു പോകാതെ ചൂടോടു കൂടി തന്നെ ഞാന്‍ അവളെ അറിയിച്ചു.
"പ്രിയേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു ഇനിയുള്ള ജീവിതത്തിനെ ആനന്ദ സുരഭിലമാക്കാന്‍ നീ എനിക്ക് അനുകൂലമായ ഒരു മറുപടി തരില്ലേ?"

                                                   അവള്‍ പുച്ഛ ഭാവത്തോടു കൂടി എന്നെ ഒന്ന് നോക്കി. ഇവന്‍ എവിടുന്നു വന്നെടാ എന്ന ആശ്ചര്യ ഭാവവും ഞാന്‍ അവളില്‍ കണ്ടു. ക്ലാസ്സു തുടങ്ങി പത്തു ദിവസം തികഞ്ഞില്ല അതിനു മുന്‍പ് പ്രണയാഭ്യര്ത്തനയുമായി ഒരു കോന്തന്‍.11112n 160 km വേഗതയില്‍ പന്തെറിഞ്ഞ അക്തറിനെ തേഡ്മാനിലെക്ക് സിക്സ് അടിക്കുന്ന സച്ചിന്റെ  ലാഘവത്തോടെ അവള്‍ പറഞ്ഞു
"എനിക്ക് നിന്നെ ഇഷ്ടമല്ല"
"അങ്ങനെ പറയരുത് ,എടി ജീവിതത്തില്‍ ഒരു നിര്‍ണായക തീരുമാനം എടുക്കുന്നതിനു മുന്‍പ് നീ പലവട്ടം ചിന്തിക്കണം".
"എടാ ചാക്കോ പലവട്ടം ചിന്തിക്കാന്‍ ഒന്നും ഇല്ല ,ഞാന്‍ നല്ല കുടുംബത്തില്‍ പിറന്ന കുട്ടിയാ .... "
"എന്നാലും ഒന്ന് കൂടി ആലോചിച്ചിട്ട് മറുപടി പറഞ്ഞാല്‍ പോരെ?"
"അതല്ലടാ എനിക്ക് പത്താം ക്ലാസ്സില്‍ വച്ചേ വേറൊരു ലൈന്‍ ഉണ്ട് ,അവനാണ് എനിക്ക് എല്ലാം"
നല്ല കുടുംബത്തില്‍ പിറന്ന കുട്ടി ,പത്താം ക്ലാസ്സില്‍ ലൈന്‍ ഹും കൊള്ളാം ,അപ്പൊ അതാണല്ലേ നല്ല കുടുംബത്തില്‍ പിറക്കുന്നതിന്റെ ലക്ഷണം .
(ഈ കുടുംബത്തില്‍ പിറന്ന കുട്ടി പിന്നീടു എന്റെ ഒരു കൂട്ടുകാരനെ പ്രണയിക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം വേറൊരുത്തന്റെ ബൈക്കിന്റെ പിന്നില്‍ അവന്റെ കുട്ടിയായി ഇരിക്കുന്നത് കാണുവാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായി)
ഇവിടെയാണ് എന്നിലെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉണര്‍ന്നത്
 ഞാന്‍ പറഞ്ഞു "ഇതെനിക്ക് അറിയമാരുന്നെടി നിന്നെക്കൊണ്ട് ഇത് പറയിക്കാന്‍ വേണ്ടിയല്ലേ ഞാന്‍ ഈ കളി മൊത്തം കളിച്ചത്"
സിക്സര്‌ അടിച്ചതിന്റെ പിറകെ നല്ലൊരു LBW അപ്പീല്‍ ,ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി ഹാവു അമ്പയര്‍ ഔട്ട്‌ വിളിച്ചു . അവള്‍ കയ്യോടു പിടിക്കപ്പെട്ട കള്ളനെ പോലെ എന്നെ നോക്കി
ഹാവു ഞാന്‍ രക്ഷപെട്ടു ,പിന്നെ ഞാന്‍ എങ്ങനെ ഈ കാര്യം മനസിലാക്കി എന്ന് പറഞ്ഞു കൊടുക്കാന്‍ ചില്ലറ കള്ളത്തരങ്ങള്‍ പറയേണ്ടി വന്നു എന്ന് മാത്രം

                ആദ്യ ശ്രമം പാഴായി പോയി എന്നാലും ഞാന്‍ തളര്‍ന്നില്ല . പലതവണ മുന്നറിയിപ്പ് കിട്ടിയിട്ടും പിന്നെയും ഹര്‍ഭജന്റെ കയ്യില്‍ നിന്നും അടി വാങ്ങാന്‍ പോയ ശ്രീശാന്തിനെ പോലെ ഞാന്‍ അടുത്ത ആളിനെ നോക്കി . അതെ മുന്‍നിര ബഞ്ചില്‍ അല്പം മുന്‍പ് സഹോദരിസ്ഥാനിയായി ഞാന്‍ കണ്ട മറ്റൊരു പെണ്‍കുട്ടിയെ നോക്കി എന്റെ ഹൃദയം തുടിച്ചു . പക്ഷെ മനസ്സ് പറഞ്ഞു കണ്ട്രോള്‍ അളിയാ കണ്ട്രോള്‍ ,നിന്റെ ഈ ആക്രാന്തം ആണ് കുറച്ചു മുന്‍പ് പണി പാളാന്‍ കാരണം
ഓകെ ഞാന്‍ മനസ്സ് പറയുന്നത് കേള്‍ക്കാന്‍ തീരുമാനിച്ചു ആത്മസംയമനം .

           ആദ്യം അവളുമായി നല്ലൊരു ഊഷ്മള ബന്ധം സ്ഥാപിച്ചെടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു . അതുവഴി ഇവളും കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടിയാണോ എന്നും മനസ്സിലാക്കാം . എന്നിട്ടു മതി പ്രണയ അഭ്യര്‍ത്ഥന
അങ്ങനെ ഞാന്‍ എന്റെ മിഷന്‍ ആരംഭിച്ചു അവളുമായി സൗഹൃദം ഉണ്ടാക്കി എടുത്തു . പതിയെ പതിയെ അവളുടെ ഒരു നല്ല കൂട്ടുകാരന്‍
ആയി മാറി . അതുവഴി അവള്‍ മറ്റേ കുട്ടിയുടെ കുടുംബത്തില്‍ പിറന്നതല്ല എന്നും മനസ്സിലാക്കി . ഇങ്ങനെ അവളെ നോക്കി
വെള്ളം ഇറക്കി നടന്ന എനിക്ക് അവളോട്‌ ശരിക്കും പ്രണയം മൊട്ടിട്ടൊ എന്നുപോലും തോന്നി പോയി . എന്നിട്ടും ഞാന്‍
അവളോട്‌ എന്റെ പ്രണയം അറിയിച്ചില്ല കാരണം ആദ്യത്തെ അനുഭവം ഉണ്ടാവാന്‍ പാടില്ലല്ലോ . എനിക്കവളോടുള്ള പ്രണയം
അവളൊഴികെ ക്ലാസ്സിലെ മറ്റെല്ലാവരും അറിഞ്ഞു .

                          കാത്തിരുന്നു കാത്തിരുന്നു രണ്ടു വര്ഷം കടന്നു പോയത് അറിഞ്ഞില്ല . എല്ലാത്തിനും സമയം കിട്ടി അടിയുണ്ടാക്കാന്‍ ,ക്ലാസ്സില്‍ നിന്നും പുറത്താക്കാന്‍ ,സമരത്തിനു പോകാന്‍ ,ക്രിക്കറ്റു കളിക്കാന്‍ എല്ലാത്തിനും സമയം കിട്ടി എന്നാല്‍ എന്റെ പ്രണയം അവളോട്‌ പറയാന്‍ മാത്രം എനിക്ക് സമയം കിട്ടിയില്ല . നിലത്തു നിര്‍ത്തിയിട്ടു വേണ്ടേ അഭ്യാസം കാണിക്കാന്‍ എന്ന് പണ്ടാരാണ്ട് പറഞ്ഞത് പോലെ ആയി എന്റെ അവസ്ഥ .

                             അങ്ങനെ പുതിയ കോളേജ് പുതിയ ക്ലാസ് . എന്ജിനീയരിങ്ങിന്റെ ആദ്യ വര്ഷം തുടങ്ങി . അവള്‍ ദൂരെയെവിടെയോ മെഡിസിനു ചേരുകയും ചെയ്തു . അണ്ടി മറന്നു പോയ അണ്ണാനെ പോലെ ഞാനും പുതിയ വിഹാര കേന്ദ്രവുമായി അങ്ങനെ പോകുന്ന കാലം എന്റെ പഴയ ഒരു കൂട്ടുകാരിയെ കണ്ടു . മായ ആസ്ട്രേലിയാക്ക് പോകുന്നതിനു മുന്‍പ് നിന്നെ അന്വേഷിച്ചിരുന്നു

ചങ്ങ് മനസ്സില്‍ പിന്നെയും ലഡ്ഡു പൊട്ടി ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി ആസ്ട്രേലിയ എന്ന പച്ചത്തുരുത്ത് എന്റെ കണ്ണിനു മുന്പിലങ്ങനെ തെളിഞ്ഞു വന്നു . ആ ബീച്ചിന്റെ ഒരു മൂലക്കായിട്ട് ഒരു കുഞ്ഞു പൊട്ടുപോലെ അവളെയും കാണാം .

ഉച്ചഭക്ഷണം കഴിക്കാന്‍ തരുന്ന കാശ് ആഹാരം കഴിക്കാതെ കൂട്ടിവച്ച് എവിടുന്നോ തപ്പിയെടുത്ത നമ്പരുമായി ഞാന്‍ അവളെ വിളിച്ചു . ഞാന്‍ ആണ് എന്ന് പറഞ്ഞപ്പോഴേ അവള്‍ പറഞ്ഞു "നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേ ഈ പാതിരാത്രിയാണോ വിളിക്കുന്നത് "കാറ്റു കുത്തിവിട്ട ബലൂണിനെ പോലെ ഞാന്‍ ശശിയായി ഇരുന്നു . പട്ടിണി കിടന്നു ഉണ്ടാക്കിയ കാശ് ഗോപി . ആ കാശുണ്ടായിരുന്നെങ്കില്‍ എന്തോരും ഏത്തപ്പഴം വാങ്ങി പുഴുങ്ങി തിന്നാമാരുന്നു

    പിന്നെയും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവള്‍ എന്നെ വിളിച്ചു . വിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ഞാന്‍ എന്റെ പ്രണയവും അവളെ അറിയിച്ചു അവള്‍ മറുപടി ഒന്നും പറഞ്ഞില്ല മൂന്നാം അമ്പയറിന്റെ തീരുമാനത്തിനു കത്ത് നില്‍ക്കുന്ന കളിക്കാരനെ പോലെ ഞാന്‍ കത്ത് നിന്നു . ആ കാത്തിരിപ്പ് മൂന്നു വര്‍ഷങ്ങള്‍ തുടര്‍ന്നു അവസാനം ഞാന്‍ സ്വയം വിരമിച്ചു . ആസ്ട്രേലിയന്‍ തീരം വിട്ടു

        ഈ കഴിഞ്ഞ വര്ഷം നാട്ടില്‍ വന്നപ്പോള്‍ കല്യാണം കഴിച്ചേക്കാം  എന്ന് തീരുമാനിച്ചു അപ്പോഴാണ് യാധിര്ശ്ചികമായി അവള്‍ നാട്ടില്‍ ഉണ്ടെന്നു അറിഞ്ഞത് . മനസ്സില്‍ പിന്നെയും ലഡ്ഡു പൊട്ടി . കുറേക്കാലം ആസ്ട്രേലിയ എന്നും പറഞ്ഞു കൊതിപ്പിച്ചതല്ലെ ഒന്നു വിളിച്ചേക്കാം എന്ന് കരുതി.

          അങ്ങനെ അവള്‍ക്ക് ഒരു ഷോക്ക് കൊടുക്കാം എന്ന തീരുമാനത്തോടെ വീണ്ടും അവളുടെ നമ്പര്‍ തപ്പിയെടുത്തു
"മായേ ഇത് ഞാനാ  ചാക്കോച്ചന്‍ ഒരു പ്രധാന കാര്യം പറയാനാ ഞാന്‍ നിന്നെ വിളിച്ചത് നീ കഴിഞ്ഞതെല്ലാം മറക്കണം ,ഞാന്‍ പുതിയൊരു ജീവിതത്തിലേക്ക് കടക്കുവാന്‍ പോകുകയാണ് . ഈ വരുന്ന പത്താം തീയതി എന്റെ കല്യാണം ആണ് നീ വരണം "ആഹാ എന്തൊരാശ്വാസം എന്റെ പ്രണയം നിരസ്സിച്ച അവളോട്‌ പ്രതികാരം ചെയ്തപ്പോള്‍ എന്തൊരാശ്വാസം
അവളുടെ മറുപടി കേട്ടപ്പോഴാണ് എനിക്ക് ഒന്നുകൂടി ആശ്വാസം ആയത് .
" എടാ ചാക്കോച്ചാ നീ ഇപ്പോഴും അതോര്‍ത്തുകൊണ്ടിരിക്കുവാണോഡാ ,നിന്നെ ഞാന്‍ എനിക്ക് പിറക്കാതെ പോയ അച്ഛനെ പോലെയാടാ കണ്ടത് , എന്തായാലും കഴിഞ്ഞതെല്ലാം കഴിഞ്ഞു ,നിന്റെ കല്യാണത്തിനു ഞാനും എന്റെ ഹബ്ബിയും തീര്‍ച്ചയായിട്ടും വരുമെടാ, ഓക്കെഡാ ,സീ യു ഡാ ,ടേക്ക് കെയര്‍ ഡാ "

   

Monday, February 11, 2013

പ്രകാശം പരത്തിയ പെണ്‍കുട്ടികള്‍

ടി പത്മനാഭന്റെ ഒരു ചെറുകഥയുടെ പേരിനോട് സാദൃശ്യം തോന്നുന്നു എന്നത് തികച്ചും യധിര്ശ്ചികമായി സംഭവിച്ചതല്ല .ആദ്യം വിചാരിച്ചത് ആ കഥ അടിച്ചുമാറ്റി ഇവിടെ ഇട്ടാലോ എന്നാണ് .പിന്നീട് ആണ് ആ പേരിനോട് അടുത്ത് നില്‍ക്കുന്ന ഒരു സംഭവം എന്റെ മനസ്സിലേക്ക് വന്നത് .പ്രകാശം പരത്തുക എന്ന വാക്കിന് ശുംഭന്‍ എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്ന് നമ്മുടെ മലയാളം മുന്‍ഷി ജയരാജന്‍ മാഷ്‌ പണ്ട് പറഞ്ഞിട്ടുണ്ട് ,ആ അര്‍ത്ഥത്തില്‍ അല്ല ഞാന്‍ ഇവിടെ ഈ തലക്കെട്ട്‌ ഉപയോഗിക്കുന്നത്


 

                                     സ്ത്രീ പീഡനങ്ങളുടെ ഒരു നീണ്ടു പരന്ന നിരയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പരമ്പരയും നടക്കുന്നതിന്റെ ഇതാ അങ്ങ് കാശ്മീരില്‍ നിന്നും ഒരു പീഡന വാര്‍ത്ത .ഇതിനെ നിങ്ങള്‍ സ്ത്രീ പീഡനമായി കാണുമോ എന്ന് എനിക്കറിയില്ല .പക്ഷെ ഇതും ഒരു തരത്തില്‍ സ്ത്രീ പീഡനം തന്നെയാണ് .ഇവിടെ പ്രതികള്‍ മതത്തിന്റെ പേരില്‍ പൗരോഹിത്യത്തിന്റെ തണലില്‍ വര്‍ഗീയത വിറ്റു ജീവിക്കുന്ന ഒരു കൂട്ടം ഹിജഡകള്‍ ആണ് .ശ്രീനഗറില്‍ നിന്നും ഉള്ള വാര്‍ത്തയാണ് ,മുസ്ലിം പെണ്‍കുട്ടികളുടെ ഒരു കൊച്ചു ഗായകസംഘം സംഗീത പരിപാടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഈ പറഞ്ഞ ഹിജഡകള്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതിന്റെ ഫലമായി ഒരു പെണ്‍കുട്ടിയുടെ കുടുംബം ജനിച്ചു വളര്‍ന്ന നാട് വിട്ടു വളരെ ദൂരെ കുടിയേറി പാര്‍ക്കേണ്ട ഒരു ഗതികേട് വന്നു ചേരുകയും ചെയ്തു.


 

                              ഈ സംഗീത സംഘത്തിനെ പറ്റി മുഖപുസ്തകത്തില്‍ വന്ന കമന്റുകള്‍ വായിക്കാന്‍ ഇടയായി .നമ്മുടെ ചീപ്പ് വിപ്പ് പോലും നാണിച്ചു പോകുന്ന ഭാഷ .ചീപ്പ് വിപ്പിനെ പോലെ ഇവരും ഗ്രാമീണര്‍ ആണെന്ന് തോന്നുന്നു .അവര്‍ ഏതു ഗ്രാമത്തില്‍ നിന്ന് ഉള്ളവരായാലും വേണ്ടില്ല ആ ഗ്രാമത്തിന്റെ സംസ്കാരം, പൈതൃകം, പിതൃശൂന്യത എല്ലാം നമ്മുക്ക് ഈ ഭാഷയില്‍ വ്യക്തമായി കാണാം .വെറും പത്താംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികളോട് ഇവര്‍ ഇത്തരം ഭാഷയാണ്‌ ഉപയോഗിക്കുന്നത് എങ്കില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ വളര്ച്ച

എത്തിയ പെണ്‍കുട്ടികളോട് ഇവര്‍ ഏതു ഭാഷയും എന്തു തരം പരിഗണനയും ആയിരിക്കും നല്‍കുക .പിന്നെ ഇപ്പോള്‍ ഇത്തരം

ആവശ്യങ്ങള്‍ക്ക് പ്രായം ഒരു പ്രശ്നവും അല്ലല്ലോ .......


 

                                                              ഈ കഴിഞ്ഞ ആഴ്ചയില്‍ ആണ് ബഷീരുദ്ദിന്‌ അഹമ്മദ്‌ എന്നാ മത ഷണ്ടിതന്‍ സ്ത്രീ പാട്ട് പാടുന്നത് ഇസ്ലാം വിരുദ്ധം ആണെന്ന് പറഞ്ഞത് . അതോടു കൂടി തകര്‍ന്നു പോയത് മൂന്ന് പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ ആണ്

(പെണ്‍കുട്ടികള്‍ സ്വപ്നം കാണുവാന്‍ പാടില്ല എന്നും അവരുടെ നിയമത്തില്‍ ഉണ്ടാകാം അല്ലെ????). എന്തായാലും പ്രകാശ്‌ എന്ന അവരുടെ സ്വപ്നം അകാലത്തില്‍ പൊലിഞ്ഞു .

     

                                 എന്നാല്‍ ഭാഗ്യവശാല്‍ കാശ്മീരില്‍ തന്നെ ഒരുപാട് വ്യക്തികള്‍ ഈ ഫത്വക്ക് എതിരായി രംഗത്ത് വന്നു എന്നത് ആശാവഹമായ ഒരു കാര്യം ആണ് .


 

                                          എന്റെ സംശയം മുസ്ലിം എന്ന മതത്തിനു സംഗീതം നിഷിദ്ധം ആണോ എന്നാണ് .ഞാന്‍ എന്റെ ഒരു മുസ്ലിം സുഹൃത്തിനോട് ഈ സംശയം പങ്കു വച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സംഗീതം നിഷിദ്ധം അല്ല എന്നാല്‍ ഉപകരണ സംഗീതം പാടില്ല എന്ന് ചിലകൂട്ടര്‍ പറയാറുണ്ട് എന്നാണ് .പക്ഷെ ഖുറാന്‍ ഓതുന്നത്,ചില മത പ്രസംഗങ്ങള്‍ എന്നിവ നല്ല പ്രാസത്തിലും താളത്തിലും ഒക്കെ ആണ് വിശ്വാസികള്‍ കേള്‍ക്കുന്നത് ,അതായത് ഇസ്ലാം ഒരിക്കലും സംഗീതത്തിന് എതിരല്ല .അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഖുറാന്‍ വായിച്ചു എന്ന് പറയാറില്ല ഖുറാന്‍ ഓതുക എന്നാണ് പറയുക .ഓതുക എന്നത് താളബദ്ധം ആണ്

ഞാന്‍ വീണ്ടും ചോദിച്ചു പെണ്‍കുട്ടികള്‍ക്ക് സംഗീതം നിഷിദ്ധം ആണോ ???അപ്പോള്‍ ചിരിച്ചു കൊണ്ട് ആ സുഹൃത്ത് ഖുറാനിലെ ഒരു ഭാഗം എനിക്ക് പറഞ്ഞു തന്നു .മക്കയില്‍ നിന്നും മദീനയിലെക്ക്

ഓടി പോയ മുഹമ്മദ്‌ നബിയെ ആ നാട്ടിലെ പെണ്‍കുട്ടികള്‍ മുഴങ്ങുന്ന തുകല്‍ വാധ്യങ്ങലോടും മനോഹരങ്ങളായ സ്വാഗതഗാനങ്ങളോട്

കൂടിയും ആണ് സ്വീകരിച്ചത് എന്ന് .നബി അതില്‍ സന്തോഷിക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു എന്ന്

എന്റെ സുഹൃത്ത് മനസ്സിലാക്കി തന്നു .


 

                                      അപ്പോള്‍ ഇസ്ലാം ഉപകരണ സംഗീതത്തിനും എതിരല്ല പിന്നെ എന്തുകൊണ്ടാണ് ഈ കുട്ടികളുടെ സംഗീതം നിഷേധിക്കാന്‍

കാരണം .


 

            സ്ത്രീക്ക് സ്വാതന്ത്ര്യത്തിനു അര്‍ഹത ഇല്ല എന്ന കിരാത കാഴ്ചപ്പാട് തന്നെയാണ് ഇതിനു കാരണം .ഇത് ഒരു മതത്തിന്റെ കുറ്റം അല്ല പ്രവാചകന്‍മാര്‍ക്ക് കാലങ്ങള്‍ക്ക് ശേഷം ആ

സമുദായത്തിലെ ചില കൂട്ടങ്ങളുടെ അധികാരത്തില്‍ ഇരിന്നിട്ടുള്ളവരുടെയും ഇപ്പോള്‍ ഇരിക്കുന്നവരുടെയും കുഴപ്പമാണ്

ഇതിനെല്ലാം കാരണം .


 

     ഇത്തരം നടപടികളില്‍ നമുക്ക് കാണാന്‍ ആകുന്നത് ഭക്തി എന്ന വികാരത്തെ അല്ല നേരെ മറിച്ച് മതമൌലിക വാദത്തിന്റെയും മതരാഷ്ട്രീയ വാദത്തിന്റെയും

വ്യക്തമായ താല്പര്യങ്ങള്‍ ആണ് അതായത് മതത്തിന്റെ പേരില്‍ മത വിരുദ്ധമായ ഒരു നടപടി .


 

     വേദ ഗ്രന്ഥമായ ഖുറാനും ഹദീസിനും എതിരായി അഫ്ഗാനിസ്ഥാനില്‍ സ്ത്രീക്ക് വിദ്യയും ജോലിയും പൊതുജീവിതവും

നിഷേധിച്ച താലിബാനിസത്തിന്റെ നേര്‍ പകര്‍പ്പ് മാത്രം ആണ് കാശ്മീരില്‍ സംഭവിച്ച ഈ സാംസ്‌കാരിക ദുരന്തത്തിന്റെ കാരണം

അത്തരം ഒരു സാഹചര്യം ഇന്ത്യയിലും ആരംഭിക്കുവാനും നിലനിര്‍ത്തുവാനും ശ്രമിക്കുന്ന ചില മത മൗലീക വാദികളുടെ

പിത്തലാട്ടം മാത്രം ആണ് ഈ നിര്‍ബന്ദ്ധിത   നിരോധനം


 

   ഇത്തരം നടപടികളെ കൂട്ടായി തന്നെ എതിര്‍ക്കുകയും മുളയില്‍ തന്നെ നുള്ളി കളയുകയും വേണം .ഇത്തരം നടപടികള്‍ കൈകൊള്ളുന്ന പണ്ഡിതര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബഷീരുദ്ധിന്‍ അഹമ്മദിനെ പോലെയുള്ള വ്യക്തികളെ ജയരാജന്‍ മാഷിന്റെ മലയാള ഭാഷയില്‍ "പ്രകാശം പരത്തുന്ന പണ്ഡിതന്‍ " എന്നല്ലേ വിളിക്കേണ്ടത് .താല്പര്യം ഇല്ലാത്തവര്‍ക്ക് ജോര്‍ജു മാഷിന്റെ ഗ്രാമീണ ഭാഷയിലും അവരെ അഭിസംബോധന ചെയ്യാം .....................

  

Wednesday, February 6, 2013

ഹാപ്പി ഡെയ്സ് -കഥ തുടരുന്നു

തിരിച്ചു വീണ്ടും കലാലയ ജീവിതത്തിലേക്ക് പോകണം എന്ന് ആഗ്രഹം തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി ,കാരണം എന്റെ ജീവിതത്തില്‍ എന്തെല്ലാം നല്ല നല്ല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നിരുന്നാലും ആ കലാലയ ജീവിതം ഇന്നും എന്റെ ഓര്‍മകളില്‍ തളിത്തങ്ങനെ നില്‍ക്കുകയാണ് .എന്തെല്ലാം ഓര്‍മ്മകള്‍ കൂടുതലും കുരുത്തക്കേട്‌ ആണെങ്കിലും ഓര്‍ക്കുമ്പോള്‍ സുഖമുള്ള ഒരു നൊമ്പരം

റാഗ്ഗിങ്ങിന്റെ പേരില്‍ സീനിയേര്‍സ് എന്റെ കണ്ണ് ഇടിച്ചു പൊട്ടിച്ചതു മുതല്‍ എന്തെല്ലാം ഓര്‍മ്മകള്‍ ,സിനി റ്റീച്ചരിന്റെ ആദ്യ ക്ലാസ് ,കാന്റീന്‍ കിണറിന്റെ മുകളിലെ വായിനോട്ടം ,സുഹറ ടീച്ചറിന്റെ കണക്ക് ക്ലാസ് ,ഇലക്ഷന്‍ ,സമരം,അടിപിടികള്‍ ,ഫാക്ടറി വിസിറ്റ് എന്ന പേരില്‍ ഗോവയില്‍ പോയത് എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മയില്‍ മാറി മാറി വരുന്നു .

പ്രാരംഭം

കോളേജിലെ ക്ലാസ്  തുടങ്ങിയ ആദ്യ ദിവസം ,രസതന്ത്ര വിഭാഗത്തിന്റെ പരിചയപ്പെടല്‍ കഴിഞ്ഞു .മൂന്നാമത്തെ പിരീഡ് -കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍ .ഒരു കാര്യം ഉണ്ടായിട്ടല്ല ,യുനിവേര്‍സിറ്റി ആറു വിഷയം തികക്കാന്‍ ചേര്‍ത്ത ഒരു വിഷയം എന്ന് ആര്‍ക്കായാലും തോന്നിപോകും  അല്ലങ്കില്‍ പിന്നെ പെട്രോ കെമിക്കല്‌സും കംപ്യുട്ടര്‍ ആപ്ലിക്കേഷനും തമ്മില്‍ എന്ത് ബന്ധം .പഴം പുഴുങ്ങിയതും ഇറച്ചിക്കറിയും പോലെ .അത് കൊണ്ട് തന്നെ ഇത് കേട്ടപ്പോള്‍ തന്നെ തീരുമാനിച്ചു ഇത് ശരിയാവില്ല എന്ന് .എന്നാലും ക്ലാസ്സില്‍ തന്നെ ഇരുന്നു ,എന്തെങ്കിലും ഗുണം ഉണ്ടായാലോ?? ടീച്ചര്‍ വന്നു ആ പ്രതീക്ഷയും തീര്‍ന്നു ഒരു ഗുണവും ഇല്ല .

ടീച്ചര്‍ ഓരോരുത്തരെ ആയി പരിചയപെട്ടു .എന്റെ ഇടതു വശത്തെ കസേരയില്‍ സജാസ് ,എന്റെ അതെ പ്രായം അതായത് സീനിയര്‍ സിട്ടിസന്‍ .വലതു വശത്തെ കസേരയില്‍ ജെസില്‍ പ്രായം കൊണ്ട് സീനിയര്‍ അല്ല എന്നാലും കട്ടക്കു നിക്കും (അതെനിക്ക് രണ്ടു ദിവസം കഴിഞ്ഞാണ് മനസിലായത് )ടീച്ചര്‍ ക്ലാസ് തുടങ്ങി ,ടീച്ചര്‍ കമ്പ്യുട്ടറിനെ പറ്റി പറഞ്ഞു തുടങ്ങി .ഞാന്‍ മനസ്സില്‍ "ഓ ഇത് നമ്മളു കൊറേ കേട്ടിട്ടുണ്ട് " എന്ന ഭാവവുമായി വലതു വശത്തേക്ക് നോക്കി അവിടെ ബഹിരാകാശത്തിലേക്ക്  റോക്കറ്റ്‌ വിടുമ്പോള്‍  ശാസ്ത്രന്ജന്മാരുടെ മുഖത്ത് ഉണ്ടാകുന്ന അതെ ഭാവത്തോടു കൂടി ടീച്ചറിന്റെ മുഖത്തോടു നോക്കിയിരിക്കുന്ന ജെസില്‍ .ഞാന്‍ ആകെ തകര്‍ന്നുപോയി ദൈവമേ ഈ സാത്തന്മാരുടെ ഇടയിലാണല്ലോ എന്നെ തള്ളിയിരിക്കുന്നത് .തകര്‍ന്ന മനസ്സുമായി ഞാന്‍ ഇടതു വശത്തേക് നോക്കി ,ഹാവു ആശ്വാസം ആയി ,എന്റെ മുഖത്ത് കണ്ട അതെ പുച്ഛഭാവം അവന്റെ മുഖത്തും കാണാം .ഇവനും ഇത് കുറെ കേട്ടിട്ടുണ്ടെന്ന് എനിക്ക് മനസിലായി .എന്നാല്‍ പിന്നെ കുറച്ചു ലോക കാര്യങ്ങള്‍ എന്ന് ഞങ്ങള്‍ തീരുമാനിച്ചു .അതൊരു തെറ്റാ ................??????അല്ലേയല്ല എനിക്കത് മനസിലാകും ,സജാസിനും അത് മനസ്സിലാകും ,വായിക്കുന്ന നിങ്ങള്‍ക്കും അത് മനസ്സിലാകും പക്ഷെ ക്ലാസ് എടുക്കുന്ന ടീച്ചര്‍ക്ക് മാത്രം അത് മനസിലായില്ല .

"ബോത്ത്‌ ഓഫ് യു സ്റ്റാന്റ് അപ്പ്‌ " ആഗോള താപനത്തെ പറ്റി ഞങ്ങള്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ ആണെന്ന് തോന്നുന്നു എവിടെയോ കേട്ടപോലെ ഈ ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങുന്നത് .മുന്‌പരിചയത്തിന്റെ പുറത്താണോ എന്തോ കേട്ടപ്പോള്‍ തന്നെ ഞാന്‍ ചാടി എഴുന്നേറ്റു .ഇടത്തോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ 'ഞാനുമൊ?'എന്ന മുഖഭാവത്തോടെ 'എന്നെ തന്നെ' എന്ന ആംഗ്യത്തൊടെ നമ്മുടെ കൂട്ടുപ്രതി അവിടെ തന്നെ ഇരിക്കുന്നു .ശെടാ ഞാന്‍ മാത്രം ശശി ആയല്ലോ എന്ന് ചിന്തിച്ചു തീരുന്നതിനു മുന്‍പ് തന്നെ "യു റ്റൂ" എന്ന് കേട്ടപ്പോള്‍ എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു .അത് അല്ലങ്കിലും അങ്ങനെ തന്നെ ആണ് .ഒരു പ്രശ്നത്തില്‍
ഒറ്റക്ക് പെടുമ്പോള്‍ ഉള്ള അവസ്ഥയും കൂട്ടുകാരന്‍ കൂടെ ഉള്ള അവസ്ഥയും തികച്ചും വ്യത്യസ്തമാണ് .അത് തന്നെ ആണ് സുഹൃത്ത് ബന്ധത്തിന്റെ
ഉലകമയ രീതിയും

catche memmory എന്നാല്‍ എന്താണ്????ടീച്ചര്‍ ഒരു ദയയും കൂടാതെ , സദാം ഹുസൈനെ കണ്ട അമേരിക്കന്‍ പട്ടാളക്കാരനെ പോലെ ഞങ്ങളുടെ നേരെ വെടിയുതിര്‍ത്തു .ആന്ധ്രയില്‍ നിന്നും തമിഴ് നാട്ടില്‍ എത്തിയ മിസോറാംകാരനെ പോലെ സജാസ് ടീച്ചറിനെ ഒന്ന് നോക്കി പിന്നെ പ്രതീക്ഷയോടെ എന്നെയും.അവന്റെ നോട്ടം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി അവനു ടീച്ചര്‍ പറഞ്ഞ ഭാഷ ഏതാണെന്നു പോലും മനസ്സിലായില്ല പിന്നയല്ലേ ചോദിച്ച ചോദ്യം

"യു " ഒരു പരിഗണയും കൂടാതെ സജാസിന്റെ കയ്യില്‍ നിന്നും ചോദ്യം എന്റെ നേരെ .ടീച്ചറിന്റെ വയ്പ്പ് പല്ലാരുങ്കില്‍ അത് ഊറി തെറിച്ചു പോയേനെ എന്നാണ് എനിക്ക് തോന്നിയത് . ആ ക്ലാസ്സിലെ എല്ലാവരുടെയും നോട്ടം സജാസിന്റെ മുഖത്ത് നിന്നും എന്റെ മുഖത്തേക്ക് മാറിയത് ഞാന്‍ അറിഞ്ഞു . കഴിഞ്ഞ വര്‍ഷത്തെ ഓര്മ വച്ച് ആണോ എന്തോ ഞാന്‍ ഉടനടി ഉത്തരം പറഞ്ഞു"ഞാന്‍ ഇന്നലെ വന്നിട്ടില്ലാരുന്നു ടീച്ചര്‍ "എന്നെ നോക്കിയിരുന്ന എല്ലാ മുഖങ്ങളിലും ഞെട്ടല്‍ ഞാന്‍ കണ്ടു കൂടുതല്‍ ഞെട്ടിയത് ടീച്ചര്‍ തന്നെയാണ് .

 ടീച്ചര്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങാന്‍ കുറഞ്ഞത് 5 നിമിഷം എങ്കിലും എടുത്തു .എന്നിട്ട് വളരെ ശാന്തമായി ഞങ്ങളെ നോക്കി പറഞ്ഞു "നീയൊന്നും പഠിക്കാന്‍ വരണ്ടാവനല്ല നീയൊക്കെ വല്ല കപ്പലണ്ടി കച്ചവടത്തിനും പോകുന്നതാ നല്ലത് ,മനുഷ്യനെ മെനക്കെടുത്താന്‍ ഓരോന്ന് വന്നോളും"

ആഹാ സംതൃപ്തിയായി ,ആ ടീച്ചറോട് എനിക്ക് ബഹുമാനം തോന്നി .പുതിയ കോളേജില് പുതിയ ക്ലാസ്സില്‍ ആദ്യത്തെ ദിവസം തന്നെ ഞങ്ങളെ മനസ്സിലാക്കി കളഞ്ഞല്ലോ കൊച്ചു കള്ളി .......

ഇനി വരുവാനിരിക്കുന്ന നാല് വര്‍ഷത്തിന്റെ സൂചനയായി തുടക്കം ഗംഭീരം ആയിരിക്കുന്നു ....

സജാസിനെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു "സംതൃപ്തി ആയി സദീര്‍ത്യാ സംതൃപ്തി ആയി
                                                                                                                                ( തുടരും.........)

Saturday, February 2, 2013

പാളിപ്പോയ കച്ചവട തന്ത്രം


കുറച്ചു നാളുകളായി മിക്കവരും ചര്‌ച്ച ചെയ്യുന്ന ഒരു വിഷയം ആണ് വിശ്വരൂപത്തിലെ മതനിന്ദ .വിവിധ തലത്തിലുള്ള വ്യക്തികളുടെ വിവിധ തരത്തിലുള്ള നിരൂപണങ്ങളും നിരീക്ഷണങ്ങളും വായിക്കുവാനും കഴിഞ്ഞു .ചലച്ചിത്രം കാണാതിരുന്നത് കൊണ്ട് എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിഞ്ഞതും ഇല്ല .എന്തായാലും ഇന്നലെ കൊണ്ട് എനിക്ക് ആ വിഷമം മാറിക്കിട്ടി .വിശ്വരൂപം കണ്ടു.......

സത്യം പറയട്ടെ വാണിജ്യ മൂല്യം ഉള്ള ഒരു കലാ സൃഷ്ടി എന്ന നിലയില്‍ വിശ്വരൂപം എനിക്ക് ഇഷ്ടപ്പെട്ടു.ഞാന്‍ മനസ്സിലാക്കിയിടത്തോളം മതനിന്ദാ പരമായ  പരാമര്‍ശങ്ങള്‍ ഒന്നും കാണുവാന്‍ കഴിഞ്ഞതുമില്ല ,എന്ന് മാത്രമല്ല തമിഴ് ജനതയെയും മുസ്ലിം സുഹൃത്തുക്കളെയും നല്ലരീതിയില്‍ പുകഴ്ത്തുന്ന ഒന്ന് രണ്ടു സീനുകള്‍ കാണുവാനും കഴിഞ്ഞു .തമിഴ് അറിയാവുന്ന ഒരു തീവ്രവാദിയെ കിട്ടുവാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് വില്ലന്‍ പറയുന്നതും ,ചിത്രത്തിന്റെ അവസാന ഭാഗത്തില്‍ നായകന്‍ നിസ്കരിക്കുമ്പൊല്‌ അമേരിക്കന്‍ പട്ടാളക്കാരന്‍ അതിനു വിശദീകരണം കൊടുക്കുന്നതും എല്ലാം അതിനു ഉദാഹരണം ആണ് .

        ഇതിന്റെ ഇടയില്‍ ഞാന്‍ ഒരു കാര്യം പ്രത്യേകം പറയട്ടെ ഞാന്‍ ഈ ചലച്ചിത്രം കാണുന്നത് ഒരു തമിഴ് വെബ്സൈറ്റില്‍ വന്ന വ്യാജ പ്രിന്റ്‌ മൂലം ആണ്

പറഞ്ഞു പറഞ്ഞു ഞാന്‍ എന്റെ ആശയത്തില്‍ നിന്നും  വ്യതിചലിച്ചൊ എന്നൊരു സംശയം. എന്റെ ഒരു സംശയം എന്താണെന്നു വച്ചാല്‍ സിനിമ റിലീസ് ആകുന്നതിനു മുന്‍പ് പ്രദര്‍ശന അനുമതി നിഷേധിക്കണം എന്ന് പറഞ്ഞ മതസംഘടന എങ്ങനെ ഈ ചിത്രത്തിന്റെ ഉള്ളടക്കം മനസിലാക്കി എന്നതാണ് ??????? ഇവിടെയാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ വഴിത്തിരുവ് .
സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതോടൊപ്പം ഡയറക്ട് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റ് (ഡി.ടി.എച്ച്) വഴി തത്സമയം വീടുകളിലിരുന്ന് കാണാനുള്ള പുത്തന്‍പരീക്ഷണമാണ് ‘വിശ്വരൂപ’ത്തെ ആദ്യം വാര്‍ത്തകളില്‍ കൊണ്ടുവന്നത്. അതോടൊപ്പം കമല്‍തന്നെ മുന്‍കൈയെടുത്ത് മുസ്ലിം പ്രതിനിധികള്‍ക്കായി പ്രത്യേകം സ്ക്രീനിങ്ങും നടത്തി. അങ്ങനെ പതിവുശൈലിയില്‍ പിറവിക്കു മുമ്പേതന്നെ ‘വിശ്വരൂപം’ ആഗോളവാര്‍ത്തയാക്കുന്നതില്‍ കമല്‍ വിജയിച്ചു.
ഇവിടെയാണ് ഞാന്‍ മുകളില്‍ പറഞ്ഞ പാളി പോയ കച്ചവട തന്ത്രം .ഏകദേശം 90 കോടി മുടക്കി നിര്‍മിച്ച ഒരു സാധനം കൃത്യമായി ഉപഭോക്താവിന്റെ കയ്കളില്‍ എത്തിക്കുവാന്‍ ശ്രമിച്ച ഒരു കച്ചവട തന്ത്രം മാത്രം ആണ് ,ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ വിവധങ്ങള്‍ക്ക് എല്ലാം മൂലകാരണം .ഈ അടുത്ത കാലത്ത് പല ചലച്ചിത്രങ്ങളിലും ഈ തന്ത്രം പയറ്റി വിജയിച്ചിട്ടും ഉണ്ട് .അതെ തന്ത്രം തന്നെയാണ് കമലഹാസന്‍ എന്ന നല്ല നടന്‍ വിശ്വരൂപം എന്ന ഈ ഉപഭോഗ വസ്തുവിലും പ്രയോഗിച്ചത് .
ഇത്തരം കച്ചവട തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ കമല്‍ വളരെ മിടുക്കനും ആണ് (ഉദാഹരണം : മരുതുനായകം,വീരുമാണ്ടി,ആളവന്താന്‍,ഹേ റാം ....തുടങ്ങിയവ)മൊത്തം തമിഴ് ജനതയുടെ 10% താഴെ മാത്രം ഉള്ള മുസ്ലിം സമുദായത്തിലെ ഒരു ചെറു സംഘടനക്കുവേണ്ടി കമല്‍ തന്നെ മുന്‍ കൈ എടുത്ത് ഒരു പ്രദര്‍ശനം നടത്തുകയും അവര്‍ മത വികാരത്തെ വൃണപ്പെടുത്തി എന്നൊരു പ്രസ്താവന നല്‍കുകയും ചെയ്തു .ആ പ്രസ്താവന ജനങ്ങളുടെ ഇടയില്‍ ഒരു സംസാരം ആകുകയും അങ്ങനെ ഉണ്ടാകുന്ന ഒരു തള്ളിച്ചയില്‍ അദ്ധേഹത്തിന്റെ ഉല്പന്നം ജനങ്ങളുടെ ഇടയില്‍ എത്തിക്കുക എന്നതായിരുന്നു കമലിന്റെ ഉദ്ദേശം (ഡി ടി എച്ച് വിവാദവും ഇതുമായി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു )
എന്നാല്‍ മത വികാരങ്ങളെ ആറ്റം ബോംബുപോലെ കൈ കാര്യം ചെയ്യുന്ന ഒരു സമൂഹത്തിനു ഈ ചെറിയ പ്രസ്താവന തന്നെ ധാരാളം ആയിരുന്നു .അതിനെ ഏറ്റു പിടിക്കാനും വലുതാക്കി വിടാനും ചില പ്രത്യേക താല്പര്യത്തോടെ ഇന്ത്യ മഹാരാജ്യത്ത് നിലനില്‍ക്കുന്ന തല്പര കക്ഷികളും ആയപ്പോള്‍ കമലിന്റെ തന്ത്രം പാതി വഴിയില്‍  പൊലിഞ്ഞു .അത് കൂടാതെ വിശ്വരൂപത്തിന്റെ വ്യാജ കോപ്പികള്‍ ഇന്റര്‍നെറ്റില്‍ നിറയുകയും ചെയ്തു .അങ്ങനെ വെളുക്കാന്‍ തേച്ചത് പാണ്ടായി
ഈ ചലച്ചിത്രം എനിക്ക് മുന്‍പ് കണ്ട എന്റെ രണ്ടു തമിഴ് മുസ്ലിം സുഹൃത്തുക്കളോട് ഞാന്‍ ചോദിച്ചു ഈ ചിത്രത്തില്‍ എവിടെയാണ് നിങ്ങളുടെ മത വികാരത്തെ വേദനിപ്പിക്കുന്നത് എന്ന് ? അവര്‍ മറുപടി തന്നത് ,അത് അങ്ങനെയുണ്ട് നിങ്ങള്ക്ക് തമിഴ് അറിയാത്തതുകൊണ്ടാണ് മനസിലാകാതെ പോയത് എന്നാണ് .ശരി നിങ്ങള്‍ ഒരു ഉദാഹരണം പറ അപ്പോള്‍ എനിക്ക് മനസ്സിലാകുമല്ലോ?ഒരാള്‍ മറുപടി പറഞ്ഞത് ഇപ്രകാരം ആണ് ഈ ചലച്ചിത്രത്തില്‍ ഒസാമ ബിന്‍ ലാദനെ അസുരന്‍ എന്ന് വിളിക്കുന്നുണ്ട് അത് ശരിയായില്ല എന്നാണ്.
ശരിയാണ് ഈ ചിത്രത്തില്‍ അങ്ങനെ ഒരു ഭാഗം ഉണ്ട് ,അത് പക്ഷെ അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാടിലൂടെ ആണ് പറയുന്നത് അവരുടെ നാടിനോട് ദ്രോഹം ചെയ്ത ഒരു വ്യക്തിയെ അസുരനായി കാണുന്നത് അവരുടെ രാജ്യസ്നേഹത്തിന്റെ പ്രതീകം ആണ് അല്ലാതിരിക്കാന്‍ ഈ കഥ നടക്കുന്നത് ഇന്ത്യാ മഹാരാജ്യത്ത് ഒന്നും അല്ലല്ലോ .....(അജ്മല്‍ കസബിന്റെ ദയാഹര്‍ജിയില്‍ 203 ഇന്ത്യക്കാര്‍ ആണ് ഒപ്പിട്ടത്)
രണ്ടാമത്തെ സുഹൃത്ത് പറഞ്ഞു ആ സിനിമയിലെ വില്ലന്‍ കുറച്ചുനാള്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയും അങ്ങനെയാണ് അയാള്‍ തമിഴ് പഠിച്ചത് എന്ന് .അങ്ങനെയും പറയാന്‍ പാടില്ല അതും അവരെ അപമാനിച്ചത് ആണ് എന്ന് (നമ്മുടെ കേരളത്തില്‍,വാഗമണ്ണില്‍ തീവ്രവാധികള്‍ക്ക് പരിശീലനം കൊടുത്തു അതിലും വലുത് ഒന്നും അല്ലല്ലോ തമിഴ്നാട്ടില്‍ നിന്ന് തമിഴ് പഠിക്കുന്നത്).ഇതെല്ലാം പോകട്ടെ എന്റെ ഒരു മലയാളി സുഹൃത്ത് ,ജീജാ യാനിന്റെയും ,സ്കോട്ട് അല്കിന്സിന്റെയും,ജാസന്‍ സ്റ്റതമിന്റെയും എന്തിനു പേരറിയാത്ത ഇറ്റാലിയന്‍ ,കൊറിയന്‍ നടന്മാരുടെ  ആക്ഷന്‍ ചലച്ചിത്രങ്ങള്‍ ഭാഷ പോലും അറിയാതെ കാണുന്ന ഈ വ്യക്തി വിശ്വരൂപം വെറും ഒരു ആക്ഷന്‍ പടം മാത്രം ആണെന്ന് പറഞ്ഞിട്ട് കൂടി ഈ ചിത്രം കാണുവാന്‍ കൂട്ടാക്കിയില്ല .അത് അവന്റെ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്ന മിഥ്യാ ധാരണ കൊണ്ടാണത് .ഞാന്‍ ഈ ലേഖനത്തിന്റെ മുകള്‍ ഭാഗത്ത് പറഞ്ഞ ഉദാഹരണങ്ങള്‍ ഒന്നും ഇവര്‍ നോക്കിയിട്ട് ഈ ചിത്രത്തില്‍ കണ്ടതും ഇല്ല എന്നതാണ് ഇതിലെ വേദനിപ്പിക്കുന്ന സത്യം .
സമൂഹത്തില്‍ ഇത്തരത്തിലുള്ള ആളുകള്‍ വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആയിരിക്കാം .എന്നിരുന്നാല്‍ കൂടി ഇങ്ങനെ ഉള്ള ഒരു സമൂഹത്തിലേക്ക് ആണ് കമല്‍ ഇത്തരത്തിലുള്ള ഒരു കച്ചവട തന്ത്രവുമായി ഇറങ്ങിയത് .അപ്പോള്‍ പിന്നെ ആ തന്ത്രം പാളിയില്ല എങ്കിലെ അത്ഭുതം ഉള്ളു .
എന്തായാലും പ്രതീക്ഷിച്ച രീതിയില്‍ ഈ ചിത്രം മുന്നോട്ടു കൊണ്ടുപോകാന്‍ കമലിന് കഴിഞ്ഞില്ല എന്നത് നഗ്നമായ സത്യം ആണ് .കമലഹാസനെ സംബന്ധിച്ച് കോടികളുടെ നഷ്ടം എന്നത് ഒന്നും അല്ലായിരിക്കാം എന്നിരുന്നാലും സത്യം എന്നത് പലപ്പോഴും മറച്ചുപിടിക്കാന്‍ കഴിയില്ല .ചരിത്രം ഈ ചിത്രത്തെ കമലഹാസന്‍ ആഗ്രഹിച്ചതുപോലെ ഒരു ഇതിഹാസ ചിത്രം എന്നല്ല കാണുവാന്‍ പോകുന്നത് പാളിപ്പോയ ഒരു കച്ചവട തന്ത്രം എന്ന നിലക്ക് ആയിരിക്കും .ഒരു കണക്കിന് ഈ തന്ത്രം പാളിയത് നന്നായി കാരണം ഇത്തരം തന്ത്രങ്ങള്‍ കച്ചവട സിനിമയില്‍ പുത്തിയ കീഴ്വഴക്കങ്ങള്‍ ശ്രിഷ്ടിക്കും അത് ഒരിക്കലും പൊതു സമൂഹത്തിന്റെ സന്തുലനവസ്ഥക്ക് നല്ലത് അല്ല