Saturday, February 2, 2013

പാളിപ്പോയ കച്ചവട തന്ത്രം


കുറച്ചു നാളുകളായി മിക്കവരും ചര്‌ച്ച ചെയ്യുന്ന ഒരു വിഷയം ആണ് വിശ്വരൂപത്തിലെ മതനിന്ദ .വിവിധ തലത്തിലുള്ള വ്യക്തികളുടെ വിവിധ തരത്തിലുള്ള നിരൂപണങ്ങളും നിരീക്ഷണങ്ങളും വായിക്കുവാനും കഴിഞ്ഞു .ചലച്ചിത്രം കാണാതിരുന്നത് കൊണ്ട് എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിഞ്ഞതും ഇല്ല .എന്തായാലും ഇന്നലെ കൊണ്ട് എനിക്ക് ആ വിഷമം മാറിക്കിട്ടി .വിശ്വരൂപം കണ്ടു.......

സത്യം പറയട്ടെ വാണിജ്യ മൂല്യം ഉള്ള ഒരു കലാ സൃഷ്ടി എന്ന നിലയില്‍ വിശ്വരൂപം എനിക്ക് ഇഷ്ടപ്പെട്ടു.ഞാന്‍ മനസ്സിലാക്കിയിടത്തോളം മതനിന്ദാ പരമായ  പരാമര്‍ശങ്ങള്‍ ഒന്നും കാണുവാന്‍ കഴിഞ്ഞതുമില്ല ,എന്ന് മാത്രമല്ല തമിഴ് ജനതയെയും മുസ്ലിം സുഹൃത്തുക്കളെയും നല്ലരീതിയില്‍ പുകഴ്ത്തുന്ന ഒന്ന് രണ്ടു സീനുകള്‍ കാണുവാനും കഴിഞ്ഞു .തമിഴ് അറിയാവുന്ന ഒരു തീവ്രവാദിയെ കിട്ടുവാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് വില്ലന്‍ പറയുന്നതും ,ചിത്രത്തിന്റെ അവസാന ഭാഗത്തില്‍ നായകന്‍ നിസ്കരിക്കുമ്പൊല്‌ അമേരിക്കന്‍ പട്ടാളക്കാരന്‍ അതിനു വിശദീകരണം കൊടുക്കുന്നതും എല്ലാം അതിനു ഉദാഹരണം ആണ് .

        ഇതിന്റെ ഇടയില്‍ ഞാന്‍ ഒരു കാര്യം പ്രത്യേകം പറയട്ടെ ഞാന്‍ ഈ ചലച്ചിത്രം കാണുന്നത് ഒരു തമിഴ് വെബ്സൈറ്റില്‍ വന്ന വ്യാജ പ്രിന്റ്‌ മൂലം ആണ്

പറഞ്ഞു പറഞ്ഞു ഞാന്‍ എന്റെ ആശയത്തില്‍ നിന്നും  വ്യതിചലിച്ചൊ എന്നൊരു സംശയം. എന്റെ ഒരു സംശയം എന്താണെന്നു വച്ചാല്‍ സിനിമ റിലീസ് ആകുന്നതിനു മുന്‍പ് പ്രദര്‍ശന അനുമതി നിഷേധിക്കണം എന്ന് പറഞ്ഞ മതസംഘടന എങ്ങനെ ഈ ചിത്രത്തിന്റെ ഉള്ളടക്കം മനസിലാക്കി എന്നതാണ് ??????? ഇവിടെയാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ വഴിത്തിരുവ് .
സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതോടൊപ്പം ഡയറക്ട് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റ് (ഡി.ടി.എച്ച്) വഴി തത്സമയം വീടുകളിലിരുന്ന് കാണാനുള്ള പുത്തന്‍പരീക്ഷണമാണ് ‘വിശ്വരൂപ’ത്തെ ആദ്യം വാര്‍ത്തകളില്‍ കൊണ്ടുവന്നത്. അതോടൊപ്പം കമല്‍തന്നെ മുന്‍കൈയെടുത്ത് മുസ്ലിം പ്രതിനിധികള്‍ക്കായി പ്രത്യേകം സ്ക്രീനിങ്ങും നടത്തി. അങ്ങനെ പതിവുശൈലിയില്‍ പിറവിക്കു മുമ്പേതന്നെ ‘വിശ്വരൂപം’ ആഗോളവാര്‍ത്തയാക്കുന്നതില്‍ കമല്‍ വിജയിച്ചു.
ഇവിടെയാണ് ഞാന്‍ മുകളില്‍ പറഞ്ഞ പാളി പോയ കച്ചവട തന്ത്രം .ഏകദേശം 90 കോടി മുടക്കി നിര്‍മിച്ച ഒരു സാധനം കൃത്യമായി ഉപഭോക്താവിന്റെ കയ്കളില്‍ എത്തിക്കുവാന്‍ ശ്രമിച്ച ഒരു കച്ചവട തന്ത്രം മാത്രം ആണ് ,ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ വിവധങ്ങള്‍ക്ക് എല്ലാം മൂലകാരണം .ഈ അടുത്ത കാലത്ത് പല ചലച്ചിത്രങ്ങളിലും ഈ തന്ത്രം പയറ്റി വിജയിച്ചിട്ടും ഉണ്ട് .അതെ തന്ത്രം തന്നെയാണ് കമലഹാസന്‍ എന്ന നല്ല നടന്‍ വിശ്വരൂപം എന്ന ഈ ഉപഭോഗ വസ്തുവിലും പ്രയോഗിച്ചത് .
ഇത്തരം കച്ചവട തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ കമല്‍ വളരെ മിടുക്കനും ആണ് (ഉദാഹരണം : മരുതുനായകം,വീരുമാണ്ടി,ആളവന്താന്‍,ഹേ റാം ....തുടങ്ങിയവ)മൊത്തം തമിഴ് ജനതയുടെ 10% താഴെ മാത്രം ഉള്ള മുസ്ലിം സമുദായത്തിലെ ഒരു ചെറു സംഘടനക്കുവേണ്ടി കമല്‍ തന്നെ മുന്‍ കൈ എടുത്ത് ഒരു പ്രദര്‍ശനം നടത്തുകയും അവര്‍ മത വികാരത്തെ വൃണപ്പെടുത്തി എന്നൊരു പ്രസ്താവന നല്‍കുകയും ചെയ്തു .ആ പ്രസ്താവന ജനങ്ങളുടെ ഇടയില്‍ ഒരു സംസാരം ആകുകയും അങ്ങനെ ഉണ്ടാകുന്ന ഒരു തള്ളിച്ചയില്‍ അദ്ധേഹത്തിന്റെ ഉല്പന്നം ജനങ്ങളുടെ ഇടയില്‍ എത്തിക്കുക എന്നതായിരുന്നു കമലിന്റെ ഉദ്ദേശം (ഡി ടി എച്ച് വിവാദവും ഇതുമായി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു )
എന്നാല്‍ മത വികാരങ്ങളെ ആറ്റം ബോംബുപോലെ കൈ കാര്യം ചെയ്യുന്ന ഒരു സമൂഹത്തിനു ഈ ചെറിയ പ്രസ്താവന തന്നെ ധാരാളം ആയിരുന്നു .അതിനെ ഏറ്റു പിടിക്കാനും വലുതാക്കി വിടാനും ചില പ്രത്യേക താല്പര്യത്തോടെ ഇന്ത്യ മഹാരാജ്യത്ത് നിലനില്‍ക്കുന്ന തല്പര കക്ഷികളും ആയപ്പോള്‍ കമലിന്റെ തന്ത്രം പാതി വഴിയില്‍  പൊലിഞ്ഞു .അത് കൂടാതെ വിശ്വരൂപത്തിന്റെ വ്യാജ കോപ്പികള്‍ ഇന്റര്‍നെറ്റില്‍ നിറയുകയും ചെയ്തു .അങ്ങനെ വെളുക്കാന്‍ തേച്ചത് പാണ്ടായി
ഈ ചലച്ചിത്രം എനിക്ക് മുന്‍പ് കണ്ട എന്റെ രണ്ടു തമിഴ് മുസ്ലിം സുഹൃത്തുക്കളോട് ഞാന്‍ ചോദിച്ചു ഈ ചിത്രത്തില്‍ എവിടെയാണ് നിങ്ങളുടെ മത വികാരത്തെ വേദനിപ്പിക്കുന്നത് എന്ന് ? അവര്‍ മറുപടി തന്നത് ,അത് അങ്ങനെയുണ്ട് നിങ്ങള്ക്ക് തമിഴ് അറിയാത്തതുകൊണ്ടാണ് മനസിലാകാതെ പോയത് എന്നാണ് .ശരി നിങ്ങള്‍ ഒരു ഉദാഹരണം പറ അപ്പോള്‍ എനിക്ക് മനസ്സിലാകുമല്ലോ?ഒരാള്‍ മറുപടി പറഞ്ഞത് ഇപ്രകാരം ആണ് ഈ ചലച്ചിത്രത്തില്‍ ഒസാമ ബിന്‍ ലാദനെ അസുരന്‍ എന്ന് വിളിക്കുന്നുണ്ട് അത് ശരിയായില്ല എന്നാണ്.
ശരിയാണ് ഈ ചിത്രത്തില്‍ അങ്ങനെ ഒരു ഭാഗം ഉണ്ട് ,അത് പക്ഷെ അമേരിക്കന്‍ ജനതയുടെ കാഴ്ചപ്പാടിലൂടെ ആണ് പറയുന്നത് അവരുടെ നാടിനോട് ദ്രോഹം ചെയ്ത ഒരു വ്യക്തിയെ അസുരനായി കാണുന്നത് അവരുടെ രാജ്യസ്നേഹത്തിന്റെ പ്രതീകം ആണ് അല്ലാതിരിക്കാന്‍ ഈ കഥ നടക്കുന്നത് ഇന്ത്യാ മഹാരാജ്യത്ത് ഒന്നും അല്ലല്ലോ .....(അജ്മല്‍ കസബിന്റെ ദയാഹര്‍ജിയില്‍ 203 ഇന്ത്യക്കാര്‍ ആണ് ഒപ്പിട്ടത്)
രണ്ടാമത്തെ സുഹൃത്ത് പറഞ്ഞു ആ സിനിമയിലെ വില്ലന്‍ കുറച്ചുനാള്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുകയും അങ്ങനെയാണ് അയാള്‍ തമിഴ് പഠിച്ചത് എന്ന് .അങ്ങനെയും പറയാന്‍ പാടില്ല അതും അവരെ അപമാനിച്ചത് ആണ് എന്ന് (നമ്മുടെ കേരളത്തില്‍,വാഗമണ്ണില്‍ തീവ്രവാധികള്‍ക്ക് പരിശീലനം കൊടുത്തു അതിലും വലുത് ഒന്നും അല്ലല്ലോ തമിഴ്നാട്ടില്‍ നിന്ന് തമിഴ് പഠിക്കുന്നത്).ഇതെല്ലാം പോകട്ടെ എന്റെ ഒരു മലയാളി സുഹൃത്ത് ,ജീജാ യാനിന്റെയും ,സ്കോട്ട് അല്കിന്സിന്റെയും,ജാസന്‍ സ്റ്റതമിന്റെയും എന്തിനു പേരറിയാത്ത ഇറ്റാലിയന്‍ ,കൊറിയന്‍ നടന്മാരുടെ  ആക്ഷന്‍ ചലച്ചിത്രങ്ങള്‍ ഭാഷ പോലും അറിയാതെ കാണുന്ന ഈ വ്യക്തി വിശ്വരൂപം വെറും ഒരു ആക്ഷന്‍ പടം മാത്രം ആണെന്ന് പറഞ്ഞിട്ട് കൂടി ഈ ചിത്രം കാണുവാന്‍ കൂട്ടാക്കിയില്ല .അത് അവന്റെ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്ന മിഥ്യാ ധാരണ കൊണ്ടാണത് .ഞാന്‍ ഈ ലേഖനത്തിന്റെ മുകള്‍ ഭാഗത്ത് പറഞ്ഞ ഉദാഹരണങ്ങള്‍ ഒന്നും ഇവര്‍ നോക്കിയിട്ട് ഈ ചിത്രത്തില്‍ കണ്ടതും ഇല്ല എന്നതാണ് ഇതിലെ വേദനിപ്പിക്കുന്ന സത്യം .
സമൂഹത്തില്‍ ഇത്തരത്തിലുള്ള ആളുകള്‍ വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആയിരിക്കാം .എന്നിരുന്നാല്‍ കൂടി ഇങ്ങനെ ഉള്ള ഒരു സമൂഹത്തിലേക്ക് ആണ് കമല്‍ ഇത്തരത്തിലുള്ള ഒരു കച്ചവട തന്ത്രവുമായി ഇറങ്ങിയത് .അപ്പോള്‍ പിന്നെ ആ തന്ത്രം പാളിയില്ല എങ്കിലെ അത്ഭുതം ഉള്ളു .
എന്തായാലും പ്രതീക്ഷിച്ച രീതിയില്‍ ഈ ചിത്രം മുന്നോട്ടു കൊണ്ടുപോകാന്‍ കമലിന് കഴിഞ്ഞില്ല എന്നത് നഗ്നമായ സത്യം ആണ് .കമലഹാസനെ സംബന്ധിച്ച് കോടികളുടെ നഷ്ടം എന്നത് ഒന്നും അല്ലായിരിക്കാം എന്നിരുന്നാലും സത്യം എന്നത് പലപ്പോഴും മറച്ചുപിടിക്കാന്‍ കഴിയില്ല .ചരിത്രം ഈ ചിത്രത്തെ കമലഹാസന്‍ ആഗ്രഹിച്ചതുപോലെ ഒരു ഇതിഹാസ ചിത്രം എന്നല്ല കാണുവാന്‍ പോകുന്നത് പാളിപ്പോയ ഒരു കച്ചവട തന്ത്രം എന്ന നിലക്ക് ആയിരിക്കും .ഒരു കണക്കിന് ഈ തന്ത്രം പാളിയത് നന്നായി കാരണം ഇത്തരം തന്ത്രങ്ങള്‍ കച്ചവട സിനിമയില്‍ പുത്തിയ കീഴ്വഴക്കങ്ങള്‍ ശ്രിഷ്ടിക്കും അത് ഒരിക്കലും പൊതു സമൂഹത്തിന്റെ സന്തുലനവസ്ഥക്ക് നല്ലത് അല്ല